ചങ്ങനാശ്ശേരി: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭയുടെ ചീരന്ചിറയിലുള്ള ശ്മശാനം വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അനധികൃതമായി കയ്യേറിയെന്ന് എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന് ആരോപിച്ചു. ശ്മശാനവും അതിനുള്ള ഭൂമിയും എകെസിഎച്ച്എംഎസിന് മാത്രമുള്ളതാണെന്ന് സംഘടനാ സംസ്ഥാന നേതൃത്വം ഗ്രാമപഞ്ചായത്ത് അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നതാണ്.
ഈ വസ്തു തിരുവിതാംകൂര്‍ മഹാരാജാവ് സംഘടനയ്ക്ക് ശ്മശാനം നിര്‍മ്മിക്കാന്‍ കരമൊഴിവായി നല്‍കിയതാണ്. സഭയുടെ വേരൂര്‍, പുതുച്ചിറ 19-ാം നമ്പര്‍ ശാഖയുടെ അധീനതയിലും മേല്‍നോട്ടത്തിലുമാണ് ഇപ്പോള്‍ ഈ വസ്തു. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന്, ജനറല്‍ സെക്രട്ടറി കുട്ടായി ഗോപാലന്, സംസ്ഥാന സെക്രട്ടറി പള്ളം പിജെ എന്നിവര്‍ നേരിട്ട് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും കണ്ട് ശ്മശാനത്തിന്റെ സ്ഥല ഉടമസ്ഥതാ അവകാശം സംബന്ധിച്ച രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇതുകൂട്ടാക്കാതെ ഇവിടെ മതില്‍കെട്ടുന്ന പണികള്‍ നിര്‍ബാധം തുടരുകയും ഗെയിറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. എകെസിഎച്ച്എംഎസ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അനുസരിച്ച് ഈ നാല് ഗേറ്റുകളും താഴിട്ട് പൂട്ടി. ഈ സ്ഥലത്തിന്മേല് സഭയുടെ അവകാശങ്ങള്‍ സ്ഥാപിച്ച് ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയില്‍നിന്നും 1992-ല്‍ സഭയ്ക്ക് അനുകൂലമായി വിധിയുണ്ട്. ഈ ശ്മശാനത്തില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും മറ്റ് സമുദായങ്ങള്‍ക്കുകൂടി വീതിച്ച് നല്ക്കാന് നിയമം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണാധികാരികളും അറിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 2010-ല്‍ ശ്മശാനം കൈയ്യേറി പൊതുശ്മശാനം ആക്കാനുള്ള വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ശ്രമം കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വിലക്കിയിട്ടുള്ളതുമാണ്. ഇതിനുശേഷം വില്ലേജ് രജിസ്ട്രറില്‍ ഇത് ഗവണ്മെന്റ് ശ്മശാനം എന്നും എഴുതിചേര്ത്തതിനെതിരെ 2010-ല്‍ മഹാസഭ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുത്തില്ല. വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും നിയമ വിരുദ്ധ നടപടികളെ കര്‍ശനമായി വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടണമെന്നും എകെസിഎച്ച്എംഎസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുട്ടായി ഗോപാലന്, വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്, സംസ്ഥാന സെക്രട്ടറി പള്ളം പിജെ, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി, എം.എന്‍. ചെല്ലപ്പന്, ടി.കെ. കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: