പത്തനാപുരം: ഹര്ത്താ ലിന്റെ പേരില്‍ പത്തനാപുരം നഗരത്തില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. മൂന്ന് പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജ്ജിലും മൂന്ന് പോലീസുകാര്‍ക്ക് കല്ലേറിലുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ്കുമാര് എംഎല്‍എയുടെ വീടിനുനേരെ ആക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസ്(ബി) പത്തനാപുരം പഞ്ചായത്തില്‍ ഹര്‍ത്താലിന് അഹ്വാനം ചെയ്തിരുന്നു.
രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. പ്രകടനത്തിനിടെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് കോണ്‍ഗ്രസുകാരുടെ ഫ്ളക്സ് ബോര്‍ഡുകളും പതാകകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെപിസിസി നിര്‍വാഹകസമിതിയംഗം സി.ആര്. നജീബിന് നേരെ കയ്യേറ്റശ്രമവും ഉണ്ടായി.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുനലൂര്‍-മൂവാറ്റുപുഴ പാതയും പത്തനാപുരം-കൊട്ടാരക്കര പാതയും ഉപരോധിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനവും ഏറ്റു.
ഇതിനു പിന്നാലെ കേരളകോണ്‍ഗ്രസുകാര്‍ സി.ആര്. നജീബിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്ബിടിക്ക് സമീപം വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഇത് പോലീസും കേരളാകോണ്ഗ്രസുകാരും തമ്മില്‍ ഉന്തിനും തള്ളിനുമിടയാക്കി. നെടുംപറമ്പ് ജംഗ്ഷനില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണിലേക്ക് പ്രകടനം നടത്തി.
പ്രകടനം ടൗണിന് സമീപം പോലീസ് തടഞ്ഞു. മറുഭാഗത്ത് കേരള കോണ്‍ഗ്രസ് ബിക്ക് പിന്തുണയുമായി എല്‍ ഡിഎഫും എത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ കല്ലേറും തുടങ്ങി.
ഇരുകൂട്ടരെയും പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും കല്ലെറിഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പുനലൂര്‍ എഎസ്പി ഹിമേന്ദ്രനാഥിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
ചിതറിയോടിയ പ്രവര്‍ത്തകരെ പിന്തുടര്ന്ന് പോലീസ് ഇരുഭാഗങ്ങളിലേക്ക് മാറ്റി. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
ഏകദേശം നാല് മണിക്കൂറിലധികം നഗരം തെരുവ് യുദ്ധക്കളമായിരുന്നു. പുനലൂര്‍ സിഐ സുരേഷ്, എസ്ഐ ശിവപ്രകാശ്, പത്തനാപുരം എസ്ഐ രാജു എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റജീബ്, നേതാക്കളായ ഷാനവാസ് ഖാന്, മുഹമ്മദ് അബ്ദുള്ള. റസായി എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: