കൊച്ചി: തിരക്കഥയുടെ കിരീടം ചൂടി ചെങ്കോലുമായി നടന്ന ലോഹിതദാസ് യാത്രയായിട്ട് ഇന്നേയ്ക്ക് ആറ് വര്‍ഷം. എംടിക്കും പത്മരാജനുമൊപ്പം ചേര്‍ത്തുവെക്കാവുന്ന പേരായിരുന്നു ലോഹിതദാസ്. നിലംതൊടാത്ത സിനിമകള്‍കൊണ്ട് മലയാളം വീര്‍പ്പുമുട്ടിയ കാലത്താണ് മണ്ണില്‍ത്തൊടുന്ന തിരക്കഥകളുമായി ലോഹിവരുന്നത്. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെയുള്ള സിനിമകളില്‍ അദ്ദേഹത്തിലെ തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും പ്രതിഭാതിളക്കം മലയാളികണ്ടു.
ഓര്‍ക്കുമ്പോള്‍ ഇന്നും നൊമ്പരക്കനപ്പുണ്ടാക്കുന്നതാണ് ലോഹിയുടെ ആദ്യതിരക്കഥയായ തനിയാവര്‍ത്തനം. മമ്മൂട്ടിയും സിബിമലയിലിനും നക്ഷത്രമാറ്റമുണ്ടാക്കിയ ചിത്രം. ഒന്നു പിടിവിട്ടാല്‍ മനസ്തെന്നിപ്പോകുന്നത്ര സൂക്ഷ്മവും ചടുലവുമായി ഭ്രാന്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ സിനിമ. മഹായാനം, ഹിസ്ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കിരീടം, ചെങ്കോല്‍ തുടങ്ങിയ ലോഹി ചിത്രങ്ങളില്‍ പ്രേക്ഷകന് കണ്ടത് അവനവന്റെ ജീവിതത്തുടിപ്പുകളായിരുന്നു.
ഭൂതക്കണ്ണാടിയിലൂടെ ലോഹിയിലെ കാമ്പുള്ള സംവിധായകനേയും മലയാള സിനിമകണ്ടു. കന്മദം, കസ്തൂരിമാന്‍, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിലെ കാതലുള്ള സംവിധായകനെ വേറിട്ട് മലയാളം അറിയുകയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യന്റെ വേദനയും ബഹിഷ്കൃതനായവന്റെ തത്രപ്പാടും സാഹചര്യം എങ്ങനെ മനുഷ്യനെ രൂപപ്പെടുത്തുന്നുവെന്നതുമൊക്കെ ലോഹിച്ചിത്രങ്ങളുടെ പ്രമേയമാണ്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം മനുഷ്യനെ സാഹചര്യം എങ്ങനെ പരുവപ്പെടുത്തുന്നുവെന്നതിന്റെ അടയാളമാണ്. പശ്ചാത്തലമാകട്ടെ സാധാരണ മനുഷ്യന്റെ ജീവിതവും. സര്‍വസാധാരണ ജീവിതത്തിലെ അസാധാരണ സംഭവങ്ങള്‍ ലോഹിസിനിമകളുടെ കേന്ദ്രഭാവമാണ്. ഗര്‍ഭപാത്രം വാടകയ്ക്കുകൊടുക്കുന്ന ആശയത്തെ മുന്നില്‍ക്കണ്ട് രചിച്ചതാണ് ദശരഥം. കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകൂടിയായിരുന്നു അത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സിബിമലയില്‍, ജോഷി, ഐവി ശശി, സത്യന് അന്തിക്കാട് തുടങ്ങിയവര്‍ക്ക് സിനിമാമൂല്യം നല്കിയവയാണ് ലോഹിചിത്രങ്ങള്.
ഒരേ സമയം എംടിയുടേതുപോലെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും പത്മരാജന് തിരക്കഥകളുടെ സൂക്ഷ്മതലങ്ങളും ഒരുമിച്ചു ചേര്‍ന്നുകൊണ്ടുതന്നെ തനതുഭാവം തീര്‍ത്തവയാണ് ലോഹി തിരക്കഥകള്‍.
നേരത്തെ വിളിക്കേണ്ടവരുടെ പേരുകളില്‍ ദൈവത്തിനു തെറ്റിപ്പോയതായിരിക്കണം. മലയാള സിനിമയുടെ സ്വകാര്യഹങ്കാരമായ എ.കെ.ലോഹിതദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: