കൂരോപ്പട: ഗ്രാമപഞ്ചായത്തില്‍ ഇടക്കടരപ്പടിയിലെ അനധികൃത പാറമടയുടെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് തടഞ്ഞു. ഹൈക്കോടതിയുടെ വിവിധ ബഞ്ചുകളെ തെറ്റുദ്ധരിപ്പിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടതിനാലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു അറിയിച്ചു.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ച പാറമടയിലാണ് ഉടമ വെക്കേഷന് ബഞ്ചിന്റെ പ്രത്യേക അനുമതിയുടെ മറവില്‍ പാറപൊട്ടിച്ചത്. സിംഗിള്‍ ബഞ്ചില്‍ നിന്ന് ലഭിച്ച സ്റ്റേ ഉത്തരവ് മറച്ചുവച്ചാണ് വെക്കേഷന് ബഞ്ചില്‍ നിന്നും ആറാഴ്ചത്തേക്ക് പ്രത്യേക ഖനനാനുമതി വാങ്ങിയത്. ഈ അനുമതിയുടെ പകര്‍പ്പ് പഞ്ചായത്തിന് ലഭിച്ച ഉടന്‍ സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതായി വേക്കേഷന് ബഞ്ചിനെ ധരിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുമുമ്പുതന്നെ പാറമട ഉടമ കെ.ജെ. തോമസ് പാറപൊട്ടിക്കാന്‍ നേടിയ അനുമതി പിന്‍വലിച്ചു. ഇതിനാലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് പാറമടയുടെ ലൈസന്‍സ് പുതുക്കി നല്കിയിരുന്നുമില്ല.
നാട്ടുകാര്‍ പാമ്പാടി പോലീസിലും ജില്ലാ കളക്ടര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്കിയതും ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കരപ്പടിയിലെ ന്യൂമേരിമാതാക്രഷര് യൂണിറ്റിലെ പാറപൊട്ടിക്കല്‍ നിര്ത്തിവപ്പിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: