കൊച്ചി:അക്ഷരം നിവേദിക്കുന്ന അന്നക്ഷേത്രം. അന്നം വിളമ്പുന്ന ആത്മവിദ്യാലയം. ശ്രീമന്‍ നാരായണന്റെ ഹോട്ടല്‍ ദ്വാരകയെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം.
മുപ്പത്തടത്തിന്റെ ഗ്രാമഭംഗിയില്‍ ഹോട്ടല്‍ ദ്വാരകയുടെ പൂമുഖത്ത് എന്നും പ്രഭാതത്തില്‍ അക്ഷരകിരണങ്ങളുടെ വര്‍ണ്ണഭംഗി ചൊരിഞ്ഞ് അറിവിന്റെ സൂര്യന് ഉദിച്ചുയരുന്നു. പുത്തന്‍ അറിവുകളും പുതിയ വിശേഷങ്ങളുമായി മലയാളത്തിന്റെ എല്ലാ പത്രങ്ങളും എല്ലാ ആനുകാലികങ്ങളും ദ്വാരകയുടെ ന്യൂസ്ഡസ്കില്‍ നിറയുകയായി.
ആയിരത്തിയഞ്ഞൂറോളം പേരാണ് പ്രതിദിനം വായനക്കാരായി എത്തുന്നത്. ഇന്ന് അത് നൂറുകണക്കിന് ആളുകളുടെ ഒരു ശീലമായി മാറിക്കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പത്രവും ഇഷ്ടപ്പെട്ട ആനുകാലികവും തിരഞ്ഞുവായിക്കാനെത്തുന്നവരുടെ മുഖത്തെ പ്രസന്നതയും ഉത്സാഹവും സന്തോഷവും ഒന്നു കാണേണ്ടതുതന്നെയാണ്.15 വര്‍ഷങ്ങളോളമായി അക്ഷരങ്ങളുടെ ഊട്ടുപുരയില്‍ അറിവിന്റെ നിറകതിര്‍ വിരിയിക്കാന്‍ ശ്രീമന്‍ നാരായണന് ഈ ജ്ഞാനയജ്ഞം തുടങ്ങിയിട്ട്. സാമൂഹിക പ്രതിബദ്ധതയുടെ സ്വര്‍ണനിറവും മനുഷ്യസ്നേഹത്തിന്റെ ചന്ദനക്കുളിരും നിറഞ്ഞ ഈ പുണ്യകര്‍മ്മത്തിന്റെ ആത്മനിര്‍വൃതിയില്‍ അഭിരമിക്കുന്ന ശ്രീമന്‍ നാരായണന് പ്രതിമാസം അയ്യായിരം രൂപയോളം ഇതിനുവേണ്ടി ചെലവാക്കുന്നു.
ഏതെങ്കിലും വാര്‍ത്ത സൂക്ഷിക്കുന്നതിനോ മറ്റോ പത്രം ആര്‍ക്കെങ്കിലും സ്വന്തമായി വേണമെങ്കില്‍ വൈകിട്ട് 7 മണിക്കുശേഷം അത് ദ്വാരകയില്‍ നിന്ന് സൗജന്യമായി നല്‍കും.
സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ശ്രീമന്റെ ഈ സേവനം വലിയ അളവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
നമ്മുടെ ചുറ്റുപാടുകളോടും സമൂഹത്തോടും നമുക്ക് പ്രതിബദ്ധതയുണ്ടെന്നും അറിവു പകരുവാന്‍ ചെയ്യുന്ന പുണ്യകര്‍മ്മം ആ പ്രതിബദ്ധത നിറവേറ്റാനുതകുന്നുണ്ടെന്നും ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിയാനുള്ള മനസ്സ് കൂടുതല്‍ ആര്ജവമുള്ളതാകുന്നുണ്ടെന്നും ശ്രീമന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മാധ്യമങ്ങള്‍ക്കും ഒരു പക്ഷമുണ്ട്. എല്ലാ പത്രങ്ങളും വരുത്തുന്നതുകൊണ്ടും വായിക്കാന്‍ ലഭിക്കുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എല്ലാം തിരിച്ചറിയാനാകുന്നുണ്ട്. ഒരു സംഭവത്തിന്റെ ഏകദേശ സത്യം എന്താണെന്ന് മൂന്നുനാലു പത്രങ്ങള്‍ വായിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കും.
പാരിസ്ഥിതിക അവബോധം ജനിപ്പിച്ച് പ്രകൃതി പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇൗ ഉദ്യമം ഉപകരിക്കുന്നുണ്ട്. (എടയാര്‍ മേഖല പരിസ്ഥിതി സംരക്ഷണസമിതിയുടെ രക്ഷാധികാരിയാണ് ശ്രീമന്‍ നാരായണന്).
വിദ്യ പകര്ന്നുനല്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ആറ് പുസ്തകങ്ങള്‍ ശ്രീമന്‍ നാരായണന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മലയാളി കുഞ്ഞുങ്ങള്‍ക്കു ലഭിച്ച സുകൃതം’ എന്ന് സിപ്പി പള്ളിപ്പുറം വിശേഷിപ്പിച്ച ‘കുട്ടികളുടെ ഗുരുദേവന്’, വി.ആര്. കൃഷ്ണയ്യര്‍ പ്രകാശനം ചെയ്ത ‘എന്റെ പുഴ’ എന്ന നോവല്‍, പുരാണങ്ങളിലെ അവതാരവര്ണ്ണന പോലെ എന്ന് സുഗതകുമാരി അവതാരികയില്‍ വിശേഷിപ്പിച്ച ‘മഹാഗുരു’ എന്ന ഖണ്ഡകാവ്യം, വിഭാവനാസിദ്ധിയുള്ള എഴുത്തുകാരന് എന്ന് ലീലാവതിടീച്ചര്‍ വിശേഷിപ്പിച്ച ‘സുദര്‍ശനം’ കവിതാ സമാഹാരം, പഞ്ചാമൃതത്തിന്റെ മധുരാനുഭവം പകര്‍ന്നുനല്‍കുന്നു എന്ന് സിപ്പി പള്ളിപ്പുറംതന്നെ വിശേഷിപ്പിച്ച ‘ഉണ്ണികളുടെ അമ്മ’ എന്ന കാവ്യകൃതി, ജീവിതത്തിന്റെ ‘ചൂടും ചൂരും തികഞ്ഞ കൃതി’യെന്ന് കഥാകൃത്ത് തോമസ് ജോസഫ് വിലയിരുത്തിയ ‘ദക്ഷിണായനം’ കഥാസമാഹാരം തുടങ്ങിയവയാണ് ശ്രീമന്‍ നാരായണന്റെ കൃതികള്‍.
150 ആല്‍ബങ്ങള്‍ക്കായി ആയിരത്തിയഞ്ഞൂറോളം ഗാനങ്ങള്‍ ശ്രീമന്‍ നാരായണന് രചിച്ചിട്ടുണ്ട്. എല്ലാം എനിക്കെന്റെ കണ്ണന്, യദുഗീതം, സ്വാമിഗീതം, സ്വാമിദര്‍ശനം, അമൃതദര്‍ശനം, ശ്രീ ഗുരുവായൂരപ്പ സുപ്രഭാതം എന്നിവ ഏറെ പ്രചാരം സിദ്ധിച്ച ആല്‍ബങ്ങളാണ്.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ലീലാദേവി നാരായണനെ വിട്ടുപിരിഞ്ഞു. മൂന്ന് പെണ്മക്കളുണ്ട്. ലീന, ധന്യ, പുണ്യ. മൂന്നുപേരും വിവാഹിതര്‍. വായനയും എഴുത്തും യാത്രയുമായി മുമ്പോട്ടുപോകാനാണ് ശ്രീമന്‍ നാരായണന്റെ തീരുമാനം.
ഇത്തവണത്തെ ദ്വാരകയിലെ ജൂണ്‍ 19 ലെ വായനാദിനം ഏറെ വിശേഷപ്പെട്ട പരിപാടികളോടെയാണ് ആചരിക്കുന്നത്. കാലത്ത് 8 മണിക്ക് പി.എന്‍. പണിക്കരുടെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന ചെയ്ത് പരിപാടിക്ക് തുടക്കംകുറിക്കും. സിബിഎസ്ഇ, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരുടെ ക്ലാസിക് കൃതികളുടെ തുടര്‍വായന, പത്രം വായിക്കും പവിത്രന്റെ വിവിധ ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ പാരായണം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുന്നു. വൈകിട്ട് പൊതുജനപങ്കാളിത്തത്തോടെയുള്ള സമാപനസമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: