ചിങ്ങവനം: വാലടി-കുമരങ്കരി-കിടങ്ങറ റോഡ് നിശേഷം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെയായി. മഴയില്‍ വെളളംകെട്ടികിടന്ന് കുഴി ഏത് റോഡ് ഏത് എന്ന് അറിയാന്‍ സാധിക്കാത്ത രീതിയില്‍ അപകടകരമായ റോഡിലൂടെയുള്ള വാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. കോട്ടയം, ആലപ്പുഴ ഭാഗത്തേയ്ക്ക് ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ എളുപ്പത്തില്‍ യാത്ര ചെയ്യാവുന്ന ഒരു പാതയ്ക്കാണ് ഈ ദുരവസ്ഥ. നാലു കിലോമീറ്ററോളം ഇതുവഴിയുള്ള യാത്രയില്‍ക്കൂടി ലാഭിക്കാന്‍ സാധിക്കും. ആലപ്പുഴ, കുട്ടനാട് ഭാഗങ്ങളില്‍നിന്ന് ചങ്ങനാശേരിയില്‍ എത്തിച്ചേരുവാനും ഈ റോഡ്മാര്ഗ്ഗം എളുപ്പം സാധിക്കും. പക്ഷെ, പൊതുമരാമത്തുവകുപ്പ് ഈ റോഡിനെ അവഗണിച്ചതിനാല്‍ വര്‍ഷങ്ങളായി ഈ റോഡ് തകര്‍ന്നുകിടക്കുകയാണ്. കെ.എസ്.ആര്.ടി.സി ബസ് ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ വഴിയില്‍ റോഡ് കുറച്ചുകൂടി ഉയര്‍ത്തി കൃത്യമായ രീതിയില്‍ ടാറിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടേയും നാട്ടുകാരുടെയും പരാതി കൂടുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി എന്തെങ്കിലുമൊക്കെ കാണിച്ച് കുഴിയടക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം റോഡ് പഴയപടിയാകും. വലിയ ഭാരവണ്ടികളുടെ യാത്രകള്കൂടിയാകുമ്പോള് ഒന്നുകൂടി പരിതാപകരമാകുന്നു. മഴവെള്ളം നിറഞ്ഞ് ഈ കുഴികള്‍ കവിഞ്ഞുകിടക്കുമ്പോള് കുഴികളുടെ ആഴം മനസ്സിലാകാതെ വാഹനങ്ങള്‍ ഇതില്‍പ്പെടുക പതിവാണ്. ജപ്പാന് കുടിവെള്ള പദ്ധതിപ്രകാരം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ടുകഴിഞ്ഞ താല്ക്കാലികായി മണ്ണിട്ട് മൂടുക മാത്രമേ ചെയ്തിട്ടുള്ളു. മഴക്കാലം തുടങ്ങിയതോടെ ഈ മണ്ണിട്ട് മൂടിയ കുഴി താഴുകയും വാഹനങ്ങള്‍ ഇതില്പ്പെടുകയും പതിവാണ്. ഇരുചക്രവാഹനങ്ങള്‍ ചെളി കെട്ടിക്കിടക്കുന്ന സ്ഥലത്ത് തെന്നിമറിയുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞദിവസം ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് കുമരങ്കരി ഭാഗത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഇവിടെ കുഴിയില്‍ വീണിരുന്നു. ബസ് തൊട്ടടുത്ത പാടത്തേക്ക് മറിയാതിരുന്നത് വന്‍ദുരന്തമൊഴിവായി. റോഡിന്റെ ഈ അവസ്ഥയില്‍ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഏതു സമയവും സര്‍വീസ് നിര്‍ത്തിപോകും. ഇപ്പോള്‍ രാത്രി 8.15ന് കുന്നങ്കരിക്ക് നടത്തിവന്നിരുന്ന ബസ് സര്‍വിസ് കുമരങ്ങരികൊണ്ട് അവസാനിപ്പിക്കുകയാണ്. കഴിഞ്ഞദിവസം ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: