കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രൗഢിമങ്ങലേക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം 36-ാം ദിനത്തിലേയ്ക്ക് കടന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജ് എസ്എഫ്ഐക്കാര്‍ കൈയടക്കിയിരിക്കയാണ്. ജീവനക്കാര്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയായിട്ടും ഇവര്‍ക്കെതിരെ നടപടിയില്ല. സംസ്ഥാന വിദ്യാഭ്യാസമന്ത്രിക്കാണെങ്കില് മഹാരാജാസ് കോളേജിനെക്കുറിച്ച് യാതൊന്നുമറിയില്ല. സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നു സംബന്ധിച്ച് യാതൊരുപരാതിയും പ്രിന്‍സിപ്പല്‍ നല്‍കിയിട്ടില്ല. പിടിഎയെയും ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നില്ല.
കേരളത്തില്‍ സ്വയം ഭരണം പ്രഖ്യാപിച്ച ഏക സര്‍ക്കാര്‍ കോളേജാണ് മഹാരാജാസ്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും വളര്‍ച്ചക്കും വികാസത്തിനും ഓട്ടോണമസ് പദവി നല്ലതാണെന്ന് വാദിക്കുന്നവരും, അതിന് വേണ്ടി ശ്രമിച്ചവരുമാണ് ഇന്ന് സമരത്തിന്റെ മുന്‍ നിരയില്‍. വിദ്യാര്‍ത്ഥികളോട് ചോദിച്ചല്ല ഓട്ടോണമസ് പദവി തീരുമാനിക്കുന്നതെന്ന മന്ത്രിയുടെ വാക്കുകളില്‍തന്നെ സമരത്തിന്റെ കാരണം വ്യക്തമാണ്. ചുംബന, ആലിംഗന സമരമടക്കമുള്ള അനാവശ്യ സമരങ്ങളും ആഭാസസമരങ്ങള്ക്കും പേരുകേട്ട കോളേജ് രാഷ്ട്രീയപ്രവര്‍ത്തകരെ സൃഷ്ടിക്കാനുള്ള ഫാക്ടറിയായാണ് കോളേജിനെ കരുതുന്നത്. ഓട്ടോണമസ് പദവി ഇതിന് തടയിടുമെന്നതാണ് ഇപ്പോഴത്തെ സമരത്തിന് അടിസ്ഥാനം.
കോളേജില്‍ ഇന്ന് നടക്കുന്ന അനാവശ്യ സമരം ആയിരിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലാക്കിയിരിക്കുന്നത്. പുതിയ അദ്ധ്യയനവര്ഷത്ത അഡ്മിഷന് ആരംഭിച്ചിട്ടുമില്ല. സര്‍വ്വകലാശാല പരീക്ഷകള്‍ തന്നെ നടത്താന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് അധികൃതര്‍. വിദ്യാര്‍ത്ഥികളുടെ ജീവിതം തുലക്കാനുള്ള ഈ സമരത്തിന് ശമ്പളത്തോടൊപ്പം ഉപതൊഴിലിലേര്പ്പെടുന്ന അധ്യാപകന്റെ പിന്തുണയുണ്ടെന്നതാണ് സത്യം. രാഷ്ട്രീയവും അധ്യാപകന് ഇന്ന് ഉപതൊഴിലായി തീര്‍ന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിതകര്‍ത്ത സിപിഎം അടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ പ്ലസ് ടൂ ആരംഭിക്കുകയാണ് ചെയ്തതെന്ന് നാം കണ്ടു.
ഇത്തരത്തിലുള്ള സമരമാണ് മഹാരാജാസില്‍ നടക്കുന്നത്. ഒട്ടോണമസ് ആക്കിയപ്പോള്‍ സമരം നടത്താത്തവര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. പരീക്ഷ നടത്തുന്നതിനെതിരെ സമരം, റിക്കോഡ് ബുക്ക് വെക്കാതിരിക്കാന്‍ സമരം, മാലിന്യം നീക്കിയാല്‍ സമരം, നീക്കാതിരുന്നാല്‍ സമരം തുടങ്ങി സമരത്തില്‍ വിദ്യാര്‍ത്ഥികളെ ഗവേഷകരാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടി ഇവിടെ വിദ്യാര്‍ത്ഥികളെകൊണ്ട് ചുടുചോറുമാന്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുഖം നോക്കാതെയുള്ള നടപടി ആവശ്യമാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: