അഞ്ചല്‍: ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ പിഞ്ചുപെണ്കുട്ടിയടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏരൂര്‍ ചില്ലിംഗ് പഌന്റിന് സമീപം പ്രണവം വീട്ടില്‍ സുരേഷിന്റെ മകള്‍ സാനിയ, നടുക്കുന്നംപുറം അനഘാ നിവാസില്‍ സന്തോഷിന്റെ മകന് അഖില്‍ എന്നിവര്‍ക്കാണ് വിദ്യാര്‍ത്ഥികളുടെ മുഖംമൂടി അക്രമത്തില്‍ പരിക്കേറ്റത്.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനാ മെമ്പര്‍ഷിപ്പ് കാമ്പയിനുമായി കുഞ്ഞുങ്ങളെ സമീപിക്കുകയായിരുന്നു. താല്പര്യപ്പെടാതിരുന്ന കുട്ടികളെ മുഖംമൂടിയണിഞ്ഞെത്തി ക്രൂരമായി അക്രമിച്ചു. ജീവനും കൊണ്ടോടിയ വിദ്യാര്‍ത്ഥികളുടെ നേരെയും അക്രമിസംഘം അഴിഞ്ഞാടി. അക്രമത്തില്‍ സാനിയയുടെ പല്ലിന് സാരമായി പരിക്കേറ്റു. അഖിലിന് കൈക്ക് ഒടിവുണ്ട്.
ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ കുറെക്കാലമായി രാഷ്ട്രീയ പാര്‍ട്ടികളുടേയും അക്രമികളായ വിദ്യാര്‍ത്ഥികളുടെയും അഴിഞ്ഞാട്ടം പതിവാണ്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വം തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതും മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെ ഭീകരമായി അക്രമിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് എബിവിപി അഞ്ചല്‍ നഗര്‍ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: