വൈക്കം : സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം അഴിമതി നിറഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. വെച്ചൂരിലെ നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പണവും അവര്‍ തന്ന അധികാരവും ഉപയോഗിച്ച് മന്ത്രിമാര്‍ കീശ നിറക്കുകയാണ്. ഇതിന് തടയിടേണ്ട മുഖ്യമന്ത്രി തന്നെ ഇവര്‍ക്ക് മാതൃകയാണ്. സോളാറും ബാര്‍ കോഴയുമെല്ലാം ഉണ്ടാക്കിയ നാണക്കേടില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുപോകാന്‍ പറ്റില്ല. അഴിമതിയെക്കുറിച്ച് പറയുന്നവരെ ഒറ്റപ്പെടുത്തുകയും രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു കാലത്ത് രാജ്യത്തിനുതന്നെ മാതൃകയായിരുന്ന സംസ്ഥാനം അഴിമതി നിറഞ്ഞിപ്പോള് പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അന്പതിന്റെയും നൂറിന്റെയുമെല്ലാം പേരില്‍ അഴിമതി നടത്തുന്ന ശിപായികളെ അഴിക്കുള്ളിലാക്കുന്ന സര്‍ക്കാര്‍ അഴിമതി വീരന്മാരായ മന്ത്രിമാരെ സംരക്ഷിക്കുന്നു. ഇതെല്ലാം സാധാരണക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിലെല്ലാം ഇതിന്റെ തിരിച്ചടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ടാകും. അഴിമതിയെ ഉന്മൂലനം ചെയ്യുവാന്‍ ഇനിയും നടപടികള്‍ വൈകിയാല്‍ സാധാരണക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാകുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: