പാലാ: പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ഗതാഗത പരിഷ്കരണത്തിലെ അപാകത അപകട ഭീഷണിയാകുന്നതായി വ്യാപക പരാതി. ബസുകള്‍ നിര്‍ത്തുന്നതിനും ആളുകളെ കയറ്റുന്നതിനുമായി നഗരസഭ നിര്‍ദ്ദേശിച്ച രീതിയാണ് ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിക്കും കാരണമാകുന്നത്.
ആഴ്ചകള്‍ക്ക് മുമ്പാണ് ടൗണ്സ്റ്റാന്ഡില് വിശാലമായ വെയ്റ്റിംഗ് ഷെഡും ബസ്വേയും നഗരസഭ തുറന്നു കൊടുത്തത്. ഇതോടൊപ്പം ബസുകള്‍ക്കായി ഗതാഗതപരിഷ്കരണവും നടപ്പാക്കി. കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ബസ്ബേയില്‍ നിര്‍ത്തണമെന്നും വൈക്കം ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ സമാന്തരമായുള്ള വെയിറ്റിംഗ് ഷെഡില്‍ നിര്‍ത്തണമെന്നുമാണ് നഗരസഭയുടെ നിര്‍ദ്ദേശം. മുന്‍പ് കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കണമായിരുന്നു. പുതിയ പരിഷ്കാരത്തോടെ റിവര്വ്യൂറോഡില് വാഹനത്തിരക്ക് ഇരട്ടിയിലധികമായിരിക്കുകയാണ്. മൂന്നിന് മിനിട്ടില്‍ ഒരു ബസ് എന്ന കണക്കിലാണ് നിലവില്‍ കോട്ടയം റൂട്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ സമയക്ലിപ്തത. ഇതിനുപുറമെ കെഎസ്ആര്‍ടിസിയുടെ ചെയിന്‍, ഫാസ്റ്റ് പാസഞ്ചര്‍, തൊടുപുഴ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിലെ കോട്ടയം സര്‍വ്വീസുകള്‍ കൂടി എത്തുന്നതോടെ ഏതാണ്ട് രണ്ടുമിനിട്ടില്‍ ഒരു ബസ് എന്ന കണക്കില്‍ കോട്ടയം ഭാഗത്തേക്ക് ബസുകളുണ്ട്. പലപ്പോഴും സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകളുടെ നീണ്ടനിര റിവര്‍വ്യൂ റോഡില്‍ ടൗണ്‍ സ്റ്റാന്‍ഡിന് സമീപം രൂപപ്പെടാറുണ്ട്.
റോഡിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ബസ്ബേയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അമിതവേഗത്തില്‍ ഇതുവഴി കുതിച്ചുപായുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇതിനു പുറമെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ തോന്നുംപടിയാണ് നിര്‍ത്തുന്നത്.30 മീറ്ററോളം നീളമുള്ള ബസ്ബേയില്‍ ചില ബസുകള്‍ വെയിറ്റിംഗ് ഷെഡിന്റെ ആദ്യഭാഗത്തും പിന്നാലെയെത്തുന്നവ ബസ്ബേയ്ക്ക് ഏറെ പിന്നിലുമാണ് നിര്‍ത്തുന്നത്. ഇതുകൊണ്ട് യാത്രക്കാര്‍ ബസില്‍ കയറിപറ്റാന്‍ നെട്ടോട്ടമോടേണ്ട ഗതികേടുമുണ്ട്.
കുഴി കാല്‍നടയാത്രക്കാര്‍ക്ക്
അപകടക്കെണിയാകുന്നു
പാലാ: ടൗണ്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുഴി കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. സ്റ്റാന്‍ഡിന് മുന്നിലെ നടപ്പാത തുടങ്ങുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് തകര്‍ന്ന് കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കുന്നതാണ് ഈ നടപ്പാത. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: