കുമരകം: വൈകിട്ട് 5 മുതല്‍ കുമരകം വഴിയോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ റൂട്ട് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കുമരകംവഴി ചേര്‍ത്തല, ആലപ്പുഴ, വൈക്കം, തണ്ണീര്‍മുക്കം തുടങ്ങി ഭാഗങ്ങളില്നിന്നെത്തുന്നവരാണ് ഇതുമൂലം കഷ്ടതയനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുമുതല്‍ ആറേകാല്വരെയായിട്ടും കുമരകം റൂട്ടില്‍ ഓടുന്ന ബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സംഘടിച്ച് കോട്ടയം ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ കയറി ബഹളം വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് 6.20ന് ഒരു ചേര്‍ത്തല ബസ് തരപ്പെടുത്തി കൊടുത്തത്. ഇത്തരത്തില്‍ ട്രിപ്പുകള്‍ മുടക്കുന്ന വൈകുന്നേര സമയങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ക്ക് ചാകരയാണ്. ഇത് പ്രൈവറ്റ് ബസ് മുതലാളിമാരും ഡിപ്പോകളിലെ സ്റ്റേഷന് മാസ്റ്ററും റൂട്ടുമാനേജരുമുള്പ്പെടെയുള്ളവരുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് യാത്രക്കാരുടെ ആരോപണം. ബസ് ഇല്ലാത്തതിനെക്കുറിച്ച് ഡിപ്പോയിലെ അധികാരികളോട് ചോദിച്ചാല്‍ രാത്രി 9.30ന് കോട്ടയം ഡിപ്പോയില്‍നിന്നും ഒരു ബസുമാത്രമെ വിടുന്നുള്ളുവെന്നും ബാക്കി ബസ്സുകള്‍ ചേര്‍ത്തല ഡിപ്പോയില്‍ നിന്നാണെന്നാണ് മറുപടി. നൂറുകണക്കിനു യാത്രക്കാര്‍ ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്താന്‍ കെഎസ്ആര്‍ടിസി ബസ്സിനെ ആശ്രയിക്കുമ്പോഴാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ഈസമയത്ത് ആളില്ലാത്ത ധാരാളം ബസുകള്‍ പലയിടങ്ങളിലേക്കും പോകുന്നുണ്ട്. ഇത്തരം വകുപ്പിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: