കൊച്ചി: റിഫൈനറിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ ജീവനു ഭീഷണിയാകുന്നുവെന്ന് നാട്ടുകാര്‍. റോഡ് വികസനവും പരിസരവാസികളുടെ സുരക്ഷയും പരിഗണിക്കാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അമ്പലമേട് മേഖല റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റിഫൈനറിയിലേക്കുള്ള കൂറ്റന്‍ യന്ത്രസാമഗ്രികളും മെഷിനറികളും കൊണ്ടുവരുന്നത് വീതികുറഞ്ഞ റോഡിലൂടെയാണ്.
റിഫൈനറി അധികൃതര്‍ റോഡ് വീതികൂട്ടാത്തതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഏഴു പേരാണ് ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത്. അശാസ്ത്രീയമായ സ്ഥലമേറ്റെടുക്കല്‍ കാരണം നിരവധി കുടുംബങ്ങളാണ് റിഫൈനറിയുടെ അപകടമേഖലകളായ എല്‍പിജി, ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കു സമീപം ഒറ്റപ്പെട്ടു പോയിരിക്കുന്നത്.
കരിമുകള്‍, കാണിനാട്, പുലയാമ്പള്ളിമുകള്, കുഴിക്കാട്, അമ്പലമുകള്‍ എന്നിവടങ്ങളിലായി റിഫൈനറിയില്‍ പണിയെടുക്കുന്ന 10,000ത്തിലധികം അന്യദേശക്കാരായ തൊഴിലാളികളാണ് താമസിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാത്ത ലേബര്‍ ക്യാംപുകള്‍ സമീപവാസികള്‍ക്കു മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ഡങ്കിപ്പനി എന്നീ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്
വര്‍ഷംതോറും കോടികളുടെ ലാഭം കൊയ്യുന്ന റിഫൈനറി സ്ഥിതി ചെയ്യുന്ന വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകള്‍ക്കു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി റിഫൈനറി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചു മേഖലാ റസിഡന്‍സ് അസോസിയേഷന്റെ കീഴിലുള്ള 23 സംഘടനകളും രാഷ്ട്രീയ-സാമൂഹ്യസംഘടനകളും സംയുക്തമായി നാളെ രാവിലെ 7.30നു റിഫൈനറിയുടെ കിഴക്കെ നടയ്ക്കു സമീപം പ്രതിഷേധ കൂട്ടായ്മ നടത്തും. റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രൂറ ചെയര്മാന് വി.പി. പ്രസാദ്ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ. മാണി, ജനറല്‍ സെക്രട്ടറി എം.എന്‍. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: