ശിശുക്കളില്‍ നല്ല സ്വഭാവവും ചീത്തസ്വഭാവവുമുള്ള പശുക്കളുമുണ്ട്. ഭൂമിയെ തൊട്ടുനില്ക്കുന്ന വാലും ചെറുതായി കനംകുറഞ്ഞ കൊമ്പും പട്ടുപോലെ എണ്ണമയമുള്ള തൊലിയും ആണ് നല്ല പശുവിന്റെ ലക്ഷണങ്ങള്‍. മുലകള്‍ക്ക് തുല്യ വലിപ്പവും അവതമ്മില്‍ വേണ്ടത്ര അകലവും നിര്‍ബന്ധം. എന്നാല്‍ മിനുസമില്ലാത്ത തൊലിയും ഒട്ടിയ വയറും ആണ് ചീത്ത പശുവിന്റെ ലക്ഷണം. അകിടില്‍ തൊട്ടാല്‍ ചവിട്ടുന്നതും മൂക്കിന്റെ നിറം ശരീരത്തില്‍നിന്നും വ്യത്യസ്തമായി പാണ്ടുപോലെ ഇരിക്കുന്നതും ചീത്ത പശുവിന്റെ ലക്ഷണമാണ്. ഇത് ഏറെക്കുറെ ശരിയുമാണ്.
മനുഷ്യന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനും തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റുന്നതിനും നൂറുകണക്കിന് ഒറ്റമൂലികളാണ് നാട്ടറിവിന്റെ ശേഖരത്തിലുള്ളത്. കണ്ണിനുചുറ്റും കറുപ്പുവന്നാല് കിടക്കുമ്പോള്‍ കണ്ണില്‍ ആവണക്കെണ്ണയെഴുതാനാണ് ഒരു നിര്‍ദ്ദേശം. കണ്ണിനുചുറ്റും പശുവിന്നെയ്യ് പുരട്ടുന്നതും തുളസിയില, പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുന്നതും മുഖക്കുരുവിന് ഉത്തമമെന്ന് വിധി. വെളുത്തുള്ളി വിനാഗിരിയില്‍ അരച്ച് മുഖത്തിടുന്നത് മറ്റൊരു നാട്ടറിവ്. കടുക്കയുടെ തോട് അരച്ചുപുരട്ടിയാല്ത്തന്നെ കാര ഇല്ലാതാവും. മച്ചിങ്ങാപാകത്തിലുള്ള തേങ്ങയുടെ തൊണ്ടും ചകിരിയും കളഞ്ഞ്, അതിന്റെ ചിരട്ട മോരില്‍ അരച്ച് കിടക്കാന്നേരം മുഖത്തിടുന്നത് കാരയ്ക്കും മുഖക്കുരുവിനും ഉത്തമം. തേങ്ങാപ്പാലില്‍ വെളിച്ചെണ്ണയോ തേനോ ചേര്‍ത്ത് പതിവായി പുരട്ടുന്നതും പശുവിന്‍പാലില്‍ ഇരട്ടിമധുരവും അമുക്കുരവും കുഴമ്പുപാകത്തിലരച്ച് മുഖത്ത് പുരട്ടുന്നതും മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും. മഞ്ഞള്‍പ്പൊടിയില്‍ കോഴിമുട്ടയുടെ വെള്ളക്കരു മാത്രമൊഴിച്ച് ചാലിച്ച് മുഖത്തുപുരട്ടുന്നത് മുഖത്തെ ചുളിവുമാറാന് നല്ലവിദ്യയാണെന്നും നാട്ടറിവുകള്‍ പറയുന്നു. അത്തരം സൗന്ദര്യ വിധികളില്‍ വലിയൊരു വിഭാഗവും ഇന്നത്തെ ബ്യൂട്ടീഷ്യന്മാര് കൈക്കലാക്കി പ്രയോഗിച്ചുവരുന്നുണ്ടെന്നുകൂടി പറയട്ടെ.
തലയുടെയും മുടിയുടെയും ആരോഗ്യത്തിന് എത്രതരം താളികളാണ് നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചുവന്നത്. തിരുതാളി, കുറുന്തോട്ടിതാളി, ചെമ്പരത്തി താളി, ചെറുപയര്‍ പൊടി, ചന്ദനം, പടപ്പന്താളി, കാളാമുണ്ടന്താളി, തുളസിയിലത്താളി, വാകപ്പൊടി എന്നിങ്ങനെപോകുന്നു അതിന്റെ പട്ടിക. താരന് മാറുന്നതിന് കുളിക്കുംമുമ്പ് പാളയംകോടന് പഴം ഉടച്ച് കുഴമ്പാക്കി തലയില്‍തേച്ച് പിടിപ്പിക്കുന്നതും തേങ്ങാപ്പാലിന് ചെറുനാരങ്ങാനീരുചേര്‍ത്ത് പുരട്ടുന്നതും നന്നത്രേ. തേങ്ങാപ്പാലില്‍ കുരുമുളകുപൊടിചേര്ത്ത് തലയില്പുരട്ടിയശേഷം കഴുകുന്ന പക്ഷം’ പേന്‍ പമ്പകടക്കും.
കാല്പാദം വിണ്ടുകീറുന്നതിനുമുണ്ടൊരു സൂത്രപ്പണി. മുറിവില്‍ മാവിന്റെ കറ പുരട്ടുക. അല്ലെങ്കില്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് തുടര്‍ച്ചയായി കാലില്തേച്ച് പിടിപ്പിക്കുക. നിത്യവും വെണ്ടക്കാ അരച്ച് പുരട്ടിയശേഷം തണുത്തവെള്ളത്തില്‍ കഴുകിയാല്‍ പാദങ്ങള്‍ മനോഹരമാവും.
വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതിനും നാട്ടറിവിന്റെ ഭണ്ഡാരത്തില് പരിഹാരമുണ്ട്. ഭക്ഷണത്തിനൊപ്പം ഒരു സ്പൂണ്‍ തവിട് നിത്യേന കഴിക്കുക. പതിവായി നെല്ലിക്കാ ജ്യൂസ് കഴിക്കുന്നതും മുരിങ്ങയില നീരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഊര്‍ജ്ജം പകരും. ഞവര അരി തൈരിന് വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നതും ഒന്നാന്തരം തന്നെ.
പിഞ്ചുവെണ്ടയ്കാ നിത്യം പച്ചക്ക് കഴിക്കുന്നതും അഞ്ച് കോവയ്കാ എന്നും കഴിക്കുന്നതുമൊക്കെ ഓര്‍മ്മക്കുറവ് മാറ്റാന്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു. ബ്രഹ്മിനീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നന്ന്. കുട്ടികള്‍ക്ക് പയര്‍ വറുത്തു പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് ഉണ്ടയാക്കി കഴിക്കാന്‍ കൊടുക്കുന്നത് അവരുടെ ഓര്‍മ്മക്കുറവിന് മാത്രമല്ല വളര്‍ച്ചക്കുറവിനും പരിഹാരമുണ്ടാക്കും.
മുള്ളുകൈാണ്ടാല് പുറത്തുവരാന്‍ എത്ര സൂത്രപ്പണികളാണ് പഴമക്കാര്‍ കണ്ടുപിടിച്ചതെന്നു നോക്കുക… മുറിവായ് വൃത്തിയാക്കിയശേഷം ഏഴിലംപാലയുടെയോ കൂനനന്പാലയുടെയോ കറ ഒഴിച്ചുകൊടുക്കുക- മുള്ള് തനിയെ പൊങ്ങിവരും. പാലക്കറയ്ക് പകരം എരുക്കിന്പാല് ആയാലും മതി. മണ്ണെണ്ണ പുരട്ടിയാലും കാര്യം നടക്കുമെന്ന് മറ്റൊരു വിഭാഗം. കത്തുന്ന എണ്ണത്തിരികൊണ്ട് തുടര്‍ച്ചയായി തല്ലിയാല്‍ മുറിവ് കരിയുന്നതിന് ഏറെനല്ലത്. ചോറ് അരച്ചെടുത്ത് അതില്‍ ഉപ്പുചേര്‍ത്തിളക്കി മുറിവായില്‍ വച്ചാലും മുറിവുണങ്ങും. തൊണ്ടയില്‍ മീന്‍മുള്ളോ എല്ലോ കുരുങ്ങിയാല്‍ ആ ഭാഗത്ത് കിഴുകാനെല്ലി അരച്ചിടാനാണ് വിധി. മുള്ള് തനിയെ താഴേക്കിറങ്ങുമത്രേ. പക്ഷേ വൈദ്യശാസ്ത്രം ഇത്രയേറെ വളര്‍ന്ന ഇന്ന് അതിനാരും തുനിയില്ലെന്നത് മറ്റൊരുകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: