ഡ്രാക്കുളയെന്നാല്‍ ആരാധകര്‍ക്ക് ക്രിസ്റ്റഫര്‍ ലീയാണ്. ഒട്ടേറെ മുഖങ്ങള്‍ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ഡ്രാക്കുളയ്ക്ക് ജീവനേകിയെങ്കിലും അതൊന്നും ക്രിസ്റ്റഫര്‍ ലീയെന്ന നടനു പകരമായില്ല. ഈ അനശ്വര കഥാപാത്രത്തെക്കുറിച്ച് എവിടെ പരാമര്‍ശമുണ്ടായാലും അവിടെ ലീയും ഓര്‍മിക്കപ്പെടും. അത്രയ്ക്കും ഇഴുകിച്ചേര്‍ന്നു ലീ ഡ്രാക്കുളയെന്ന കഥാപാത്രവുമായി.
1958ല്‍ ഡ്രാക്കുളയെന്ന ചിത്രത്തില്‍ ഡ്രാക്കുളയുടെ വേഷമണിഞ്ഞ് അഭ്രപാളികളില്‍ നിറഞ്ഞാടിയ ലീക്ക് പിന്നെ ആ വേഷം ഒഴിഞ്ഞില്ല. തുടര്‍ന്ന് എട്ട് ഡ്രാക്കുള ചിത്രങ്ങളില്‍ കൂടി അദ്ദേഹം ഭാഗമായി. കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയായിരുന്നു ലീ. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അദ്ദേഹം സിനിമകളില്‍ ജീവിച്ചു. ഭാഗമായ മറ്റു ചിത്രങ്ങളിലും തന്റെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ലീക്കായി.
വില്ലന്‍ വേഷങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു ഇദ്ദേഹം. 1974ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ദി മാന്‍ വിത്ത് ദി ഗോള്‍ഡണ്‍ ഗണ്ണിലെ വില്ലന്‍ വേഷം ഇദ്ദേഹം അനശ്വരമാക്കി. 1957ല്‍ പുറത്തിറങ്ങിയ ദി കഴ്സ് ഓഫ് ഫ്രാങ്കെന്സ്റ്റെയ്നിന്, ദി വിക്കര്‍ മാന്‍ (1973), ഷെര്‍ലോക് ഹോംസ് കഥകള്‍ അവതരിപ്പിച്ച ദി ഹൗണ്ട് ഓഫ് ബാസ്കര്‍വില്‍സ് (1959), മുഹമ്മദലി ജിന്നയുടെ വേഷം അവതരിപ്പിച്ച ജിന്ന (1998), ദി ലോര്‍ഡ് ഓഫ് റിങ്സ് ട്രിലോഗി (2003), സ്റ്റാര്‍ വാഴ്സ് എപ്പിസോഡ് 3: റിവെഞ്ച് ഓഫ് സിത്ത് (2005) തുടങ്ങിയ ചിത്രങ്ങളിലും അഭൗമമായ അഭിനയ പാടവം പുറത്തെടുത്തു ഇദ്ദേഹം.
1922 മെയ് 27ന് ബ്രിട്ടനിലെ ലണ്ടനിലെ ബെല്ഗ്രാവിയയിലാണ് ലീ ജനിച്ചത്. വെല്ലിങ്ടണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനിടെ കലാ മേഖലയോട് തോന്നിയ താത്പര്യം പില്ക്കാല ജീവിതത്തില്‍ ജീവിതോപാധിയായി. 1947ലാണ് ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇദ്ദേഹം എത്തുന്നത്. അതിനു മുന്‍പ് 1939 മുതല്‍ 1946 വരെ സൈനിക സേവനം നടത്തി.
1939ല്‍ ഫിന്നിഷ് ആര്‍മിയിലും തുടര്‍ന്ന് ഒരു വര്‍ഷം ബ്രിട്ടീഷ് ഹോം ഗാര്‍ഡിലും സേവനം അനുഷ്ഠിച്ചു. അവിടെ നിന്ന് റോയല്‍ എയര്‍ഫോഴ്സിലേക്കു മാറിയ ലീ 1946 വരെ അവിടെ പ്രവര്‍ത്തിച്ചു. സിനിമയുടെ ലോകത്ത് നിറഞ്ഞുനില്ക്കവെ 1977ല്‍ യുഎസിലേക്ക് കുടിയേറി.
അഭിനേതാവ് എന്നതിനു പുറമെ ഗായകന്. എഴുത്തുകാരന് എന്നീ നിലകളിലും ഏറെ തിളങ്ങി ലീ. വിക്കര്‍ മാനില്‍ ഗാനം ആലപിച്ച ലീ നിരവധി ചിത്രങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ സംഗീത സപര്യ തുടര്‍ന്നു. നാടക സാമൂഹ്യ സേവന രംഗങ്ങളിലെ സംഭാവനകള്‍ മാനിച്ച് 2009ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് സര് ബഹുമതി സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: