കൊച്ചി: ജില്ലയില്‍ രണ്ട് പുതിയ നഗരസഭകള്‍കൂടി. 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച 20 തദ്ദേശസ്ഥാപനങ്ങളില്‍ 12 എണ്ണം നിലവിലുള്ള പഞ്ചായത്തുകളാണ്. ബാക്കിയുള്ള എട്ടെണ്ണത്തില്‍ ആറെണ്ണം പുതിയ പഞ്ചായത്തുകളും രണ്ടെണ്ണം പുതിയ നഗരസഭയും രൂപീകരിക്കുന്നതിനുള്ള കരട് നിര്‍ദേശമാണ്.
വെങ്ങോല, രായമംഗലം, കുന്നത്തുനാട്, കിഴക്കമ്പലം, പായിപ്ര, നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി, കവളങ്ങാട്, കുട്ടമ്പുഴ, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ എന്നിവയാണ് നിലവിലുള്ള പഞ്ചായത്തുകള്‍, അറക്കപ്പടി, കുറുപ്പംപടി, പട്ടിമറ്റം, മുളവൂര്‍, തൃക്കാരിയൂര്‍, നേര്യമംഗലം എന്നിവയാണ് പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകള്‍. പിറവം, കൂത്താട്ടുകുളം എന്നീ രണ്ടു നഗരസഭകളും ജില്ലയില്‍ പുതുതായി രൂപീകരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതിയുള്ളവര്‍ ജൂണ്‍ 15നകം ഡീ ലിമിറ്റേഷന്‍ കമ്മിഷന് സെക്രട്ടറിക്കോ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സമര്‍പ്പിക്കണം.
17 വാര്‍ഡുണ്ടായിരുന്ന പിറവം ഗ്രാമപഞ്ചായത്ത് 27 വാര്‍ഡുകളുമായാണ് നഗരസഭയാകുന്നത്. 13,358 പുരുഷന്മാരും 13,871 സ്ത്രീകളും ഉള്‍പ്പടെ നഗരസഭയിലെ ആകെ ജനസംഖ്യ 27,229ആണ്. 885 പുരുഷന്മാരും 928 സ്ത്രീകളും ഉള്‍പ്പടെ 1,813 പട്ടികജാതിക്കാരും 41 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പടെ 63 പട്ടികവര്‍ഗക്കാരും ഇതില്‍പ്പെടുന്നു. 8,190 വാസഗൃഹങ്ങളാണ് പുതിയ നഗരസഭയിലുള്ളത്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 1,008 ആണ്. പാമ്പാക്കുട, മണീട്, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളും കോട്ടയം ജില്ലയുമാണ് നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നത്.
14 വാര്‍ഡുണ്ടായിരുന്ന കൂത്താട്ടുകുളം പഞ്ചായത്തിലെ ജനസംഖ്യ 1,72,253 ആണ്. പട്ടികജാതി ജനസംഖ്യ 1,029ഉം, പട്ടികവര്‍ഗ ജനസംഖ്യ 130ഉം ആണ്. ആകെ ജനസംഖ്യയില്‍ 8,384 പുരുഷന്മാരും 8869 സ്ത്രീകളുമാണ്. പട്ടികജാതിയില്‍ ഇത് യഥാക്രമം 505ഉം 524ഉം ആണെങ്കില്‍ പട്ടികവര്‍ഗത്തില്‍ ഇത് യഥാക്രമം 58, 72 എന്നിങ്ങനെയാണ്. 5,169 വാസഗൃഹങ്ങളാണ് നഗരസഭയിലുള്ളത്. 25 വാര്ഡുകളോടെയാണ് പുതിയ നഗരസഭ രൂപീകൃതമാകുന്നത്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 690. ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ ഗ്രാമപഞ്ചായത്തുകളും കോട്ടയം ജില്ലയുമാണ് കൂത്താട്ടുകുളം നഗരസഭയുടെ അതിര്‍ത്തികളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: