കരുനാഗപ്പള്ളി: കുലശേഖരപുരത്ത് ഹിന്ദുസംഘടനാപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ആസൂത്രിത ശ്രമം. കളരിവാതുക്കല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ടസംഭവങ്ങളെ മറയാക്കിയാണ് പോലീസിന്റെ ഒത്താശയോടെ നീക്കം നടക്കുന്നത്.
ഉത്സവപ്പറമ്പിലെ വാക്കേറ്റങ്ങളുടെ തുടര്‍ച്ചയെന്നോണം കുലശേഖരപുരം ഗവ. ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കണ്ണനെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചിരുന്നു. ആര്‍എസ്എസ് മണ്ഡല് സേവാപ്രമുഖ് മനോജിന്റെ കടയ്ക്ക് നേരെയും അക്രമം നടന്നു. പ്രസാദ്, പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ അക്രമിസംഘമാണ് കട തകര്‍ക്കാന്‍ മാരകായുധങ്ങളുമായെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ ധര്‍മ്മജാഗരണ്‍ പ്രമുഖ് കൃഷ്ണന്‍കുട്ടി, ഹരികുമാര്‍, സതീഷ് തുടങ്ങിയവര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അക്രമികള്‍ പിരിഞ്ഞുപോയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കൃഷ്ണന്കുട്ടിയടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് കൊടുക്കുകയായിരുന്നു. ശാരീരിക വൈകല്യം മൂലം നടക്കാന്‍പോലുമാകാത്ത മനോജിനെ രണ്ടാംപ്രതിയാക്കിയാണ് കേസ്.
കുലശേഖരപുരം സ്കൂള്‍, പുളിനില്ക്കുംകോട്ട എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്കുന്ന മുന്‍ മെമ്പര്‍ കൂടിയായ പത്മനാഭപിള്ളയാണെന്നാണ് ആരോപണം. സ്കൂളുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും ഭരണസ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരപരാധികളും സംഭവവുമായി ബന്ധമില്ലാത്തവരുമായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ എന്ന് ആര്‍എസ്എസ് മണ്ഡല് കാര്യകാരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: