ഐങ്കൊമ്പ്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് സ്കീമിലെ പത്താംക്ലാസ് ഫലം പ്രസിദ്ധികരിച്ചപ്പോള്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ്കൂളിന് സുവര്‍ണ നേട്ടം. തുടര്‍ച്ചയായി രണ്ടാംതവണയും നൂറുശതമാനം വിജയത്തിനൊപ്പം ദേശീയതലത്തില്‍ റാങ്ക് കൂടി നേടാനായത് വിദ്യാലയത്തിന് ഇരട്ടി മധുരമായി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ടി. യാണ് അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്കിന് അവകാശിയായത്. എന്‍ഐഒഎസ് റീജിയണല്‍ ഓഫീസില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ആതിരയും കുടുംബവും സഹപാഠികളും നാട്ടുകാരും വിദ്യാലയ അധികൃതരും സന്തോഷത്തിമിര്‍പ്പിലാണ്.
ഐങ്കൊമ്പ് പന്നഗത്തില്‍ (മൂലേപ്പറമ്പില്‍) റെജിയുടെയും രമണിയുടെയും മൂത്തമകളാണ് ആതിര. മൂന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കുവാങ്ങിയാണ് ഈ കൊച്ചുമിടുക്കി ദേശീയ തലത്തില്‍ അംഗീകാരം നേടിയത്. ജില്ലാ തലത്തില്‍ ഒന്നാമതെത്തുകയായിരുന്നു ലക്ഷ്യമെന്നും റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആതിര പറഞ്ഞു. എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലളിതാംബിക കുഞ്ഞമ്മയും മറ്റ് അദ്ധ്യാപകരും ആതിര റാങ്ക് നേടുമെന്ന് ഉറച്ച പ്രതീക്ഷയിലായിരുന്നു. സാമ്പത്തിക പരാധീനതകളും മറ്റ് പ്രതികൂല ഘടകങ്ങളോടും പടപൊരുതി കൈവരിച്ച വിജയം ആതിര അമ്മ രമണിക്ക് സമര്‍പ്പിക്കുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ മികച്ച വിദ്യാലയത്തില്‍ അദ്ധ്യയനം തെരഞ്ഞെടുത്തതില്‍ അവര്‍ സന്തോ ഷം പങ്കുവച്ചു. പഠനത്തിനു പുറമെ പ്രസംഗത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുളള ആതിരയുടെ അനുജത്തി ആദിയയും ചേച്ചിയുടെ പാത പിന്തുടര്ന്ന് അംബികാ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനം ആതിര നേടിയിരുന്നു. മെഡിക്കല്‍ രംഗത്തേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന ഈ പ്രതിഭാശാലിക്ക് മിലിട്ടറിയില്‍ സേവനം അനുഷ്ഠിക്കാനാണ് താത്പര്യം. ഒപ്പം ഭാവിയില്‍ സിവില്‍ സര്‍വ്വീസും.
ഉന്നതവിജയം നേടിയ ആതിരയെ അനുമോദിക്കാന്‍ സ്കൂളില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ.സി. ഗോപിനാഥ് സ്കൂളിന്റെ ഉപഹാരം സമര്‍പ്പിച്ചു. സെല്ലി ജോര്‍ജ്ജ്, വിദ്യാനികേതന്‍ കാര്യദര്‍ശി വി.എന്‍.സുരേന്ദ്രന്, അംബികാ വിദ്യാഭവന് പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്, പ്രിന്‍സിപ്പാള്‍ ലളിതാംബിക കുഞ്ഞമ്മ, വൈസ് പ്രിന്‍സിപ്പാള്‍ കെ.എസ്. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: