മൂവാറ്റുപുഴ: നഗരത്തില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ ഗര്‍ഭിണിയും വിദ്യാര്‍ത്ഥികളുമടക്കം 16ഓളം പേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് 4മണിയോടെ മോഡല്‍ ഹൈസ്കൂള്‍ റോഡ്, ആരക്കുഴ ലിങ്ക് റോഡ്, നാസ് റോഡ്, പേട്ട റോഡ്, പിഒ ജംഗ്ഷന് എന്നിവിടങ്ങളിലായി തെരുവ് നായ്ക്കള്‍ ഭീതി വിതച്ചത്. മൂവാറ്റുപുഴ എംജി യൂണിവേഴ്സിറ്റി ബിഎഡ് സെന്ററിലെ വിദ്യാര്‍ത്ഥി മലയാറ്റൂര്‍ കണിച്ചായില്‍ ഡാനിയല്‍(21), കോതമംഗലം ഞായപ്പിള്ളി ഇല്ലിക്കപ്പറമ്പില്‍ സിനോയ്(38), തട്ടേക്കാട് തെങ്ങുംതോട്ടിയില് ഷൈനി (30), ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി ഇടുക്കി മാന്ത്രാംകുടിയില് ഷെറിമോള്‍(18), കേബിള്‍ ജീവനക്കാരന് ഷൈജു(32), മുളവൂര്‍ പ്ലാങ്കര സെയ്തു(65), കടാതി പുതുമനക്കുടി സാജു(40), മുളവൂര്‍ പച്ചിലാമറ്റം ബിനി എല്‍ദോസ് (34), മൈയിലാടിമല മാളിയേക്കല്‍ പുത്തന്‍പുരയില്‍ മിനി മോഹന്‍ (38), കിഴക്കേവട്ടം സിനി ഇസ്മയില്‍(35), കിഴക്കേവട്ടത്ത് ഷാനി (40), രണ്ടാര്‍ക്കര മറ്റപ്പനയില് അന്‍സാര്‍ മകന് നഹാല്‍(8), പോലീസ് ക്വോര്‍ട്ടേഴ്സിന് സമീപം വിമലഗിരി സ്കൂള്‍ വിദ്യാര്‍ത്ഥിനി അമിത(8), നിര്‍മ്മല ജൂനിയര്‍ സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ഇലവുങ്കല്‍ ജോയല്‍(5), മുടവൂര്‍ പ്രസിഡന്റസ് സ്കൂള്‍ വിദ്യാര്‍ത്ഥി ഡാനിയല്‍(12) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിഭ്രാന്തരായി ചിതറിയോടിയവര്ക്കും കടിയേറ്റിട്ടുണ്ട്. വൈകുന്നേരമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞുവരുന്ന നിരവധിപേരും നായ്ക്കളുടെ അക്രമത്തിനിരയായി. പരിക്കേറ്റവരെ നാട്ടുകാരാണ് താലൂക്കാശുപത്രിയിലും സ്വകാര്യാശുപത്രിയിലും എത്തിച്ചത്.
എന്നാല്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെയും പേവിഷബാധത്തിനെതിരെയുള്ള വാക്സിന് ലഭിക്കാതെയും പരിക്കേറ്റവര്‍ ദുരിതത്തിലായി. ഇതേ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെ സംഘര്‍ഷ സാധ്യതയുണ്ടായി. പ്രാഥമിക ചികിത്സ നല്കി പരിക്കേറ്റവരെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മുഖത്ത് ഗുരുതരമായി കടിയേറ്റ ജോയലിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ കടിച്ച നായ്ക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ പേവിഷബാധയാണോയെന്ന് സ്ഥിതീകരിക്കാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: