പള്ളുരുത്തി: സമൂഹത്തിന് മാതൃകയാവുകയാണ് വെല്ലിങ്ടണ്‍ ഐലന്റിലെ ഗവ.ഹൈസ്കൂള്‍. കൊച്ചി തുറമുഖത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ നടുമുറ്റത്ത് തലയുയര്ത്തിനില്ക്കുന്ന ഈ അരയാല്‍ മുത്തശ്ശിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. റോബര്‍ട്ട് ബ്രിസ്റ്റോയുടെ രൂപകല്‍പ്പനയില്‍ പിറന്ന തുറമുഖഭൂമിലെ ഈ അരയാലിന് ആദരവ് അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ വിദ്യാലയത്തിലെ അദ്ധ്യാപക സമൂഹവും വിദ്യാര്‍ത്ഥികളും. ലോകപരിസ്ഥിതിദിനമായ ഇന്ന് വലിയ ചടങ്ങുകളോടെ അരയാലിന് ചുറ്റും നൂറു ദീപങ്ങള്‍ തെളിയിക്കും. ഐലന്റ് സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന പി.എസ്. വിഷ്ണുരാജാണ് പരിപാടിയുടെ അമരക്കാരന്.
പരിസ്ഥിതിയെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് അരയാലിന് ആദരവ് ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഷ്ണുരാജ് പറയുന്നു. പ്രകൃതിയെ സ്നേഹിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ മനസ്സു കാണിക്കണം. ഈ നല്ല പാഠം പകരുന്നതിലൂടെ പ്രകൃതിയുടെ നന്മ അവരിലേക്കെത്തിക്കാനുള്ള എളിയശ്രമമാണ് നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു.
സ്കൂള്‍ അങ്കണത്തില്‍ ഔഷധസസ്യം നടലും പരിസ്ഥിതിദിനത്തില്‍ നടക്കും. പ്രകൃതി വിഭവമായ ചക്കപ്പുഴുക്ക് സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കി തേക്കിന്റെ ഇലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിളമ്പും, അരയാല്‍ മുത്തശ്ശിക്ക് ചുറ്റും കുരുത്തോലകള്‍ തൂക്കി പ്രകൃതിയാണ് എല്ലാമെന്ന് അവരെ പഠിപ്പിക്കും. ഒരു സ്കൂളും അദ്ധ്യാപകരും സമൂഹത്തിന് വലിയ മാതൃക കാട്ടുകയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: