ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ ചേലക്കര ആന്ത്രോട്ടില് വീട്ടില്‍ മണി എന്നു വിളിക്കുന്ന വിനേഷ് (35) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തനംതിട്ടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം. തിരുവല്ല മുതല്‍ ഇയാള്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഹൃദയരോഗം സംബന്ധിച്ച് ഏഴ് വയസ്സുകാരനായ മകനേയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു വീട്ടമ്മയും ഭര്‍ത്താവും. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്ത സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന ഭര്‍ത്താവും ബസ്സിലെ യാത്രക്കാരും കണ്ടക്ടറും കൂടി യുവാവിനെ ചങ്ങനാശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബസ് ചങ്ങനാശേരി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസെത്തി പ്രതിയെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊന്‍കുന്നം സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: