കാഞ്ഞിരപ്പള്ളി: പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ വിരലില്‍ മുറുകിയ മോതിരം അഗ്നിശമന സേനാംഗങ്ങള്‍ നൂല് ഉപയോഗിച്ച് ഊരിയെടുത്തു. വാഴൂര്‍ ടിപി പുരം മൂലേക്കുന്നേല്‍ അനില്‍കുമാറിന്റെ മകന് അശ്വിന്‍കൃഷ്ണയുടെ(17) കൈവിരലിലാണ് മോതിരം മുറുകിയത്.
വീട്ടുകാര്‍ ശ്രമിച്ചിട്ടും മോതിരം ഊരാന്‍ കഴിഞ്ഞില്ല. വിരല്‍ നീരു വയ്ക്കാന്‍ തുടങ്ങിയതോടെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ അശ്വിനുമായി അച്ഛന് അനില്‍കുമാര്‍ കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷനിലെത്തി.
സ്റ്റേഷനിലെ ലീഡിങ് ഫയര്മാന് കെ.എസ്. ബിജു, ഫയര്മാന് ടി.എം. പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അഞ്ചു മിനിറ്റുകൊണ്ട് മോതിരം വിരലില്‍ നിന്നും ഊരിയെടുത്തു. മോതിരത്തിനും വിരലിനും ഇടയിലൂടെ നൂല് കയറ്റിയ ശേഷം ബാക്കിയുള്ള നൂല് വിരലിന്റെ അഗ്ര ഭാഗത്തേക്ക് ചുറ്റി. തുടര്‍ന്ന് മോതിരത്തിന് ഇടയിലൂടെ കയറ്റിയ നൂലിന്റെ അഗ്രഭാഗം അഴിച്ചെടുത്തതോടെ മോതിരം വിരലില്‍ നിന്നും ഊരി പോരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: