കൊട്ടിയം: ഒന്നാംക്ലാസ് പ്രവേശന ദിവസം സിബിഎസ്ഇ സ്കൂളില്‍ രക്ഷാകര്‍ത്താക്കളും മാനേജ്മെന്റ് പ്രതിനിധികളും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തി.
ശ്രീനാരായണ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഖത്തല കിഴവൂര്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിലാണ് ഇന്നലെ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ തര്‍ക്കമുണ്ടായത്. ഒന്നാം ക്ലാസുകാര്‍ക്കായി പുതിയ കെട്ടിടം പണിത സ്ഥലം മെച്ചമല്ലെന്ന് ആരോപിച്ച് നൂറോളം വരുന്ന രക്ഷാകര്ത്താക്കള് ഓഫീസിന് പുറത്തു തടിച്ചുകൂടി. ഒന്നാംക്ലാസില്‍ പുതിയ കുട്ടികളെ സ്കൂളില്‍ കൊണ്ടുചെന്നാക്കിയ രക്ഷാകര്‍ത്താക്കളാണ് സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങളില്‍ തൃപ്തരാകാതെ അധ്യാപകരോടും പ്രിന്‍സിപ്പലിനോടും പ്രതിഷേധമറിയിച്ചത്. വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് ചെറിയ ഷെഡ് സ്കൂളിന്റെ പിറകില്‍ ഒന്നാംക്ലാസുകാര്ക്കായി ഉണ്ടാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്.
ഈ കെട്ടിടം ചതുപ്പുപോലെയുള്ള സ്ഥലത്താണെന്നും ഇവിടെ മഴ പെയ്താല്‍ മണ്ണാകെ കുഴയുമെന്നും രക്ഷാകര്ത്താക്കള് പറയുന്നു. വേണ്ട പോലെ വെള്ളം സ്ഥലത്തു നിന്നു ഒഴുകി പോയില്ലെങ്കില്‍ ഇവിടെ ചെളിക്കുണ്ടാകുമെന്നും ആക്ഷേപമുണ്ട്. മാത്രമല്ല കെട്ടിടം, ഇരുമ്പ് ഷീറ്റ് മേഞ്ഞതാണെന്നും ഇവിടെ മഴയത്തും ചൂടുസമയത്തും കുട്ടികള്‍ സുരക്ഷിതരല്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. രക്ഷാകര്‍ത്താക്കളുടെ പരാതി പ്രിന്‍സിപ്പല്‍ ആദ്യം കാര്യമായെടുത്തില്ല. പിന്നീട് തര്ക്കംകൂടിയതോടെ മാനേജ്മെന്റ് പ്രതിനിധികളും സ്കൂളിലെത്തി. അവര്‍ രക്ഷാകര്ത്താക്കളോട് കുട്ടികളെ വേണമെങ്കില്‍ മറ്റു സ്കൂളുകളിലേക്ക് മാറ്റിച്ചേര്‍ത്തു കൊള്ളാന്‍ പറഞ്ഞുവത്രെ. ഇതു കൂടുതല്‍ തര്‍ക്കത്തിനിടയാക്കി.
ആദ്യ ടേം ഫീസിനു പുറമെ അവിടെ തന്നെ യുകെജി പഠിച്ച കുട്ടിയുടെ കൈവശം നിന്ന് ഡൊണേഷനായി, 5000 രൂപ സ്കൂള്‍ വികസന ഫണ്ടായി ഇത്തവണ ആദ്യം തന്നെ വാങ്ങിയിരുന്നുവെന്നും ആരോപണമുണ്ട്. പുതിയ കുട്ടികളില്‍ നിന്ന് 10000 രൂപയും വാങ്ങിയത്രെ. എന്നാല്‍ കെട്ടിടത്തിന് പുറത്ത് അവിടെ ഒന്നും വേണ്ട വിധത്തില്‍ ചെയ്തിട്ടില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
മാത്രമല്ല ഒന്നാം ക്ലാസുകാര്‍ക്കായി ചെറിയ ഗ്രൗണ്ടിനടത്ത് വയല്‍ ഭാഗത്തോട് ചേര്‍ന്നാണ് ഷെഡ് പോലെ പുതിയ ഹാള്‍ നിര്‍മ്മിച്ചതെന്നും ആക്ഷേപമുണ്ട്. പ്രശ്നത്തെ തുടര്‍ന്ന് സ്കൂളില്‍ ഒരാഴ്ച ഒന്നാം ക്ലാസ് കുട്ടികളുടെ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: