തമ്പലക്കാട്: റോഡരികിലെ പൈപ്പ് ലൈനും, വൈദ്യുതിപോസ്റ്റും, ടെലിഫോണ്‍ കേബിളും മാറ്റി സ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ റോഡ് വികസനം വഴിമുട്ടുന്നു.
കാഞ്ഞിരപ്പള്ളി-തമ്പലക്കാട്-എലിക്കുളം റോഡില്‍ തമ്പലക്കാട് നാലാം മൈല്ജംഗ്ഷന് അടുത്താണ് റോഡിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാകാതെ വന്നിരിക്കുന്നത്. റോഡിലെ ചെറിയ കയറ്റം മണ്ണ് മാറ്റി നിരപ്പാക്കി വീതി കൂട്ടി ടാര്‍ ചെയ്യുന്ന ജോലികളാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കയറ്റം കുറച്ചപ്പോള്‍ ഇരുവശത്തെയും തടസ്സങ്ങള്‍ വീതികൂട്ടിയുള്ള ടാറിങ്ങിന് വിലങ്ങുതടിയായിരിക്കുകയാണ്്. റോഡ് വീതി കൂട്ടി വന്നപ്പോള്‍ ഒരുവശത്ത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പും ടെലിഫോണ്‍ കേബിളും റോഡിലായി. ഇവ മാറ്റി സ്ഥാപിക്കാത്തതിനാല്‍ കരാറുകാര്‍ റോഡിന്റെ ഈ ഭാഗം നിലവിലുള്ള വീതിയില്‍ ടാര്‍ ചെയ്യാനുള്ള നീക്കത്തിലാണ്. പൊതുമരാമത്ത് വകുപ്പ് ഉയര്‍ന്ന നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന റോഡിന്റെ ടാറിങ് മാത്രം അഞ്ചര മീറ്റര്‍ വീതിയില്‍ വേണമെന്നിരിക്കെ, ഇവിടെ റോഡിന്റെ ആകെ വീതി അഞ്ചുമീറ്റര്‍ മാത്രമാണുള്ളത്. ഇരുവശത്തും മണ്‍തിട്ടയുമാണ്. ഇരു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം ഇടുങ്ങിയ സ്ഥലമാണ്.
റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന പോസ്റ്റും, കേബിളും, പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് തദ്ദേശവാസികള്‍ ആന്റോ ആന്റണി എം.പിയ്ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: