കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നരേന്ദ്രകുമാറിനെ അന്വേഷണസംഘം കോട്ടയത്ത്എത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുപിയിലെ ഫിറോസാബാദിലെ വീട്ടില്‍ നിന്നും നരേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുത്തത്. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണസംഘം ഇന്നെല പ്രതിയെ ദില്ലിയിലെത്തിച്ചു. അവിടെനിന്നും വിമാനമാര്‍ഗ്ഗം നെടുമ്പാശേരിയിലെത്തിച്ചു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ പ്രതിയെ മണര്‍കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച വിവരമറിഞ്ഞ് പാറമ്പുഴയില്‍ നിന്നും സമീപ പ്രദേശത്തുനിന്നുമായി നൂറുകണക്കിനാളുകളാണ് മണര്‍കാട് സ്റ്റേഷനില്‍ തടിച്ചുകൂടിയത്. സ്റ്റേഷനിലെ ലോക്കപ്പില്‍ പ്രതിയെ കണ്ട നാട്ടുകാര്‍ വൈകാരികമായാണ് പ്രതികരിച്ചത്.
കൊലചെയ്യപ്പെട്ട ലാലിസന്റെ ഇളയ മകന് ബിപിന്‍ലാല്‍ പ്രതിയെ കാണാന്‍ സ്റ്റേഷനിലെത്തിയത് വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചു. ബന്ധുക്കള്‍ക്കൊപ്പമാണ് ബിപിന്‍ലാല്‍ സ്റ്റേഷനിലെത്തിയത്. ഈസമയമെല്ലാം ലോക്കപ്പില്‍ നിര്‍വ്വികാരനായി ഇരിക്കുകയായിരുന്നു പ്രതി നരേന്ദ്രകുമാര്‍.
പ്രതിയെ പിടികൂടുന്നതിനായി യുപിയ്ക്കു പോയ പാമ്പാടി സിഐയെ നാട്ടുകാര്‍ ഹാരാര്‍പ്പണം നടത്തി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം കേരളാപോലീസിന് അഭിവാദ്യമര്‍പ്പിച്ച അപൂര്‍വ്വം നിമിഷങ്ങള്‍ക്കും ഇന്നലെ മണര്‍കാട് പോലീസ് സ്റ്റേഷന് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: