പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്റ്റേറ്റ് ഫാമിംഗ് കോപ്പറേഷന്റെ ചെരിപ്പിട്ടകാവു സഹ്യസീമ ക്വാര്‍ട്ടേഴ്സിനു സമീപമുള്ള റബര്‍ പാല് ശേഖരണ കേന്ദ്രം കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു.
സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ താമസിക്കുന്ന സഹ്യസീമ ക്വാര്‍ട്ടേഴ്സിനു സമീപമായാണു കാട്ടാനകള്‍ തകര്‍ത്ത പാല് കളക്ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. കാവലിനായി ഇവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രദേശത്ത് കാട്ടാനയടക്കമുള്ള വന്യമ്യഗങ്ങളുടെ ശല്യം രൂക്ഷമാണ്.
മുള്ളുമല എസ്റ്റേറ്റിലെ അമ്പനാര്‍ ഡിവിഷനില്‍ ടാപ്പിംഗ് തൊഴിലാളിയായ വിജയമ്മയുടെ മകന് സുന്ദരനെ ആന ഓടിച്ചതും സുന്ദരന്റെ മകളെ കാട്ടാന ചവിട്ടിക്കൊന്നതും ചെരിപ്പിട്ടകാവു എസ്റ്റേറ്റില്‍ ടാപ്പറായ ഗീതയെ ആന ഓടിച്ചതും അടുത്തിടയ്ക്കാണ്. പ്രദേശങ്ങളില്‍ നിരന്തരം കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കയാണ്. തൊഴിലാളികളുടെ ജീവന് സംരക്ഷിക്കാന്‍ എസ്എഫ്സികെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആനക്കാവലുള്പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ചെയ്ത് നാടിനെയും നാട്ടുകാരെയും സംരക്ഷിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: