ചവറ: നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലും തിരുമുല്ലവാരം ബീച്ചിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന ഏരിയായെപ്പറ്റിയുള്ള തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ട് പേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കലുണ്ടായിരുന്ന മാരകായുധങ്ങളും പോലീസ് പിടികൂടി. നീണ്ടകര ശക്തികുളങ്ങര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുന്ന പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ വടക്കേയറ്റത്ത് വീട്ടില്‍ വിഷ്ണു(22), പടിഞ്ഞാറെ കൊല്ലം പുന്നത്തല കാങ്കത്തുനഗര് 72ല്‍ മുനീര്‍(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ചവറ, പുനലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. നീണ്ടകര സ്വദേശി രതീഷ്കുമാറിനെ തലയ്ക്കും കഴുത്തിനും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.
കഴിഞ്ഞയാഴ്ച മാമൂട്ടില്‍കടവില്‍ നിരവധി കടകളും വീടുകളും ആക്രമിച്ച കേസില്‍ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ട കൊച്ചുബിജുവിന്റെ സംഘത്തില്‍പ്പെട്ടയാളാണ് രതീഷ്കുമാര്‍. കഴിഞ്ഞ 15നാണ് രാത്രി ഒരുമണിക്ക് നീണ്ടകര വേട്ടുതറ മുസ്ലിയാര് റോഡില്‍ വെച്ചാണ് രതീഷിനെ ബൈക്കില്‍ എത്തിയ പ്രതികള്‍ തലയ്ക്ക് വെട്ടിയത്. രതീഷ് ഗരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
2014ല്‍ രാമന്‍കുളങ്ങര സ്വദേശിയായ ഉണ്ണിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ഏഴോളം കേസില്‍ പ്രതിയാണ്. പ്രതികളുടെ പക്കല്‍ നിന്നും രണ്ട് വടിവാളുകള്‍ പോലീസ് കണ്ടെടുത്തു. ചവറ സിഐ ബിനുശ്രീധര്‍, എസ്ഐ ജി.ഗോപകുമാര്‍, സീനിയര്‍ സിപിഒമാരായ വിജയകുമാര്‍, പ്രസന്നകുമാര്‍, ജോസ്പ്രകാശ്, അനന്‍ബാബു, ബൈജുജെറോം എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം ബീമാപളളി പരിസരത്തുനിന്നുമാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: