പത്തനാപുരം: ലക്ഷങ്ങള്‍ മുടക്കി വനാതിര്‍ത്തികളില്‍ നിര്‍മ്മിച്ച വൈദ്യുതവേലികള്‍ പ്രവര്‍ത്തനരഹിതം. വേലിയുടെ അനുബന്ധസംവിധാനങ്ങള്‍ പലതും സ്വകാര്യവ്യക്തികള്‍ കൈക്കലാക്കിയതായും ആക്ഷേപം.
കഴിഞ്ഞ വേനല്‍ക്കാലത്ത് കടശ്ശേരി, എലപ്പക്കോട്, വെള്ളംതെറ്റി എന്നീ ഭാഗങ്ങളിലാണ് ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് വൈദ്യുതവേലികള്‍ സ്ഥാപിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് വേലി സ്ഥാപിച്ചത്. കാടിനുളളിലെ ജനവാസമേഖലയ്ക്ക് ചുറ്റും വേലി നിര്‍മ്മിക്കുകയും കമ്പികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതിനായി ബാറ്ററികള്‍ സ്ഥാപിക്കുകയും ചെയ്തു.
കമ്പികള്‍ വഴി കുറഞ്ഞ വോള്‍ട്ടേജില്‍ വൈദ്യുതികടത്തിവിടുകയും മൃഗങ്ങള്‍ തൊടുമ്പോള്‍ ചെറിയതോതില്‍ ഷോക്ക് ഏല്ക്കുന്നതുമാണ് പദ്ധതി. ക്രമേണ പ്രദേശത്തേക്ക് വന്യമൃഗങ്ങള്‍ വരാതിരിക്കുകയും കൃഷി സുഗമമായി ചെയ്യാനും സാധിക്കും. എന്നാല്‍ ഉദ്ഘാടനദിവസം മാത്രം പ്രവര്‍ത്തിച്ച വേലി തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. കാര്യമന്വേഷിച്ച നാട്ടുകാരോട് ബാറ്ററിയുടെ പോരായ്മയാണ് അധികൃതര്‍ പറഞ്ഞകാരണം.
ആദ്യദിവസങ്ങള്‍ വേലിയിലൂടെ പൂര്‍ണതോതില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. തുടര്‍ന്നാണ് ബാറ്ററി നഷ്ടമായ വിവരം പൊതുജനങ്ങളെ അറിയിച്ചതത്രെ. ഇതോടെ പദ്ധതി നടത്തിപ്പില്‍ വന്‍അഴിമതി നടന്നതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ പകുതിഭാഗത്ത് മാത്രമാണിപ്പോള്‍ വൈദ്യുതിപ്രവാഹമുളളത്.
ഇതുകാരണം കാട്ടാന അടക്കമുള്ളവ ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വേലികളും തകര്‍ത്ത് കൊണ്ട് ആനയിറങ്ങി കടശ്ശേരി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി സ്ഥലത്ത് നാശംവിതച്ചു. പരാതിയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: