പമ്പാവാലി: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അതിര്കടന്നതോടെ കണമല പുതിയപാലത്തില്‍ സ്ഥാപിച്ച അപകടസൂചന റിഫ്ളെക്ടറുകള്‍ മുഴുവനും പറിച്ചെടുത്തതായി പരാതി. പാലത്തില്‍ക്കൂടി ഇരുവശത്തേക്കും പോകുന്ന വാഹനയാത്രക്കാര്‍ക്കായി പിഡബഌുഡി പാലത്തിന്റെ കൈവരികള്തോറും സ്ഥാപിച്ച നൂറിലധികം റിഫ്ളെക്ടറുകളാണ് പറിച്ചെടുത്തിരിക്കുന്നത്. ചുവപ്പും വെള്ളനിറത്തിലുമുള്ള റിഫ്ളെക്ടറുകള്‍ പോയതോടെ പാലത്തില്‍ക്കൂടിയുള്ള രാത്രികാല ഗതാഗതം അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. കണമലയില്‍ സന്ധ്യകഴിഞ്ഞാല്‍ പാലത്തില്‍ കടുത്തമദ്യപാനവും ഇതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. അന്യസംസ്ഥാന വാഹനയാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരെയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കണമലയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാത്തതാണ് വാഹനയാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത്.
പാലത്തിന്റെ കൈവരി തൂണുകളുടെ ഇരുവശത്തുമായി സ്ഥാപിച്ച മിക്ക റിഫ്ളെക്ടറുകളും പറിച്ചെടുത്തവര്ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും പോലീസിന്റെ രാത്രികാലപരിശോധന കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: