കൊട്ടാരക്കര: ഇടിമിന്നലേറ്റ് ആറ് കശുവണ്ടി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നെടുവത്തൂര്‍ അല്‍ഫോണ്‍സാ കാഷ്യൂ ഫാക്ടറി തൊഴിലാളികളായ ചാന്തൂര്‍ ആശാമന്ദിരത്തില് വിജയകുമാരി(48), കിള്ളൂര്‍ സുധര്‍മ്മ മന്ദിരത്തില്‍ സുധര്‍മ്മ(41), നീലേശ്വരം വിളയില്‍ പുത്തന്‍വീട്ടില്‍ അമ്പിളി(29), നെടുവത്തൂര്‍ സത്യവിലാസത്തില്‍ രമാദേവി(41), കാക്കകോട്ടൂര്‍ ചൂരക്കോട്ട് വീട്ടില്‍ ഉഷ(30), നെടുവത്തൂര്‍ നീതുനിവാസില്‍ അമ്പിളി(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 3മണിയോടെയാണ് സംഭവം. പീലിംഗ് ഷെഡിലെ തൊഴിലാളികളായ ഇവര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശക്തമായ ഇടിമിന്നലുണ്ടായി. മിന്നലേറ്റ് ചിലര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ശക്തിയോടെ എന്തോ കാലില്‍ വന്നിടിച്ചതുപോലെ തോന്നിയതായി ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
മറ്റ് തൊഴിലാളികളും ഓടിക്കൂടിയവരും ചേര്‍ന്ന് ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. 160ഓളം പേര് ഇവിടെ ജോലിക്കുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ചെറിയതോതില്‍ മിന്നലേറ്റതായി ഇവര്‍ പറയുന്നു. കമ്പനിയുടെ ഓഫീസിലുണ്ടാരുന്ന ഫോണ്‍, സിസിടിവി ക്യാമറ എന്നിവയും മിന്നലില്‍ നശിച്ചു.
തോരാതെ പെയ്ത മഴയില്‍ കൊട്ടാരക്കരയിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കാല്‍നടയാത്രയും ഗതാഗതവും ബുദ്ധിമുട്ടിലായി. ചന്തമുക്ക്, പുലമണ്‍ തുടങ്ങി ടൗണിന്റ പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി. പുലമണ്‍തോട് ചിലയിടങ്ങളില്‍ കര കവിഞ്ഞ് ഒഴുകിത്തുടങ്ങി.
വയലുകളിലെ കൃഷിയിടങ്ങളെല്ലാം വെള്ളം കയറി. പച്ചക്കറി ഉള്‍പ്പടെയുള്ളവ വെള്ളത്തിനടിയിലായി. മൂപ്പെത്തിയ മരച്ചീനി, വാഴ എന്നിവ വെള്ളം കെട്ടിക്കിടന്നാല്‍ നശിക്കുമെന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇതിനിടയിലും അല്പം ആശ്വാസം ഇത്തവണ കൂടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരില്ല എന്നതിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: