അങ്കമാലി: അങ്കമാലി നഗരസഭയിലെ മാര്‍ക്കറ്റ് മുറികള്‍ പരസ്യലേലത്തിലൂടെയല്ലാതെ കൈമാറ്റം ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മുറികള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നതിന് അങ്കമാലി നഗരസഭയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സാജു നെടുങ്ങാടന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് മാര്‍ക്കറ്റിലെ മുറികള്‍ താത്കാലികമായി തടഞ്ഞത്.
പുതിയ വാടക നിരക്കില്‍ മുറികള്‍ വാടകയ്ക്ക് ഏറ്റെടുക്കുവാന്‍ ആളുകള്‍ ഉള്ളപ്പോള്‍ പരസ്യലേലം ഒഴിവാക്കി ഇവ കൈമാറ്റം ചെയ്യുന്നതുമൂലം നഗരസഭയ്ക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സാജു നെടുങ്ങാടന്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിന് അലക്സാണ്ടര്‍ തോമസാണ് താത്കാലികമായ സ്റ്റേ അനുവദിച്ചു. അങ്കമാലി നഗരസഭയിലെ പ്രധാനഭാഗത്ത് എല്ലാവര്ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഏറെ തിരക്കുള്ള മാര്‍ക്കറ്റിലെ മുറികള്‍ക്ക് വാടക വളരെ കുറവാണ്.
ഇതും നഗരസഭയുടെ വരുമാനത്തിന് വന്‍കുറവ് വരുത്തുന്നതിന് കാരണമായിട്ടുണ്ട്. പഴയ മാര്‍ക്കറ്റില്‍ സ്റ്റാളുകള്‍ നടത്തിയിരുന്നവര്‍ പുതിയ മാര്‍ക്കറ്റില്‍ കിട്ടിയ ആനുകൂല്യത്തില്‍ ആയിരം മുതല്‍ രണ്ടായിരം രൂപ വരെ വാടക നല്‍കിയാണ് മുറികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും വാടക കൂട്ടി നല്കുന്നില്ലെന്നുമാത്രമല്ല, മുറികള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളവര്‍ മൂവായിരം രൂപ വരെ അധിക വാടക വാങ്ങി മുറികള്‍ മറിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
ഇതെല്ലാംഅറിയാവുന്ന മുന്‍സിപ്പല്‍ അധികൃതര്‍ ഇപ്പോള്‍ മുറികള്‍ ഇഷ്ടക്കാരുടെ പേരിലേക്ക് വാടക പുതുക്കാതെ മറിച്ചു നല്കുവാന് ശ്രമിക്കുന്നതു മൂലമാണ് സാജു നെടുങ്ങാടന്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: