പറവൂര്‍: ബിഎംഎസ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ശിവഘോഷ് (33)നെ ഗുണ്ടാസംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം പട്ടണം കളരിക്കല്‍ നീലീശ്വരം റോഡിലുള്ള കലുങ്കിന് സമീപത്ത് വച്ച് കുപ്രസിദ്ധ ഗുണ്ടാനേതാവ് പോലീസ് കുട്ടന് എന്ന് വിളിക്കുന്ന പവിത്രന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് ശിവഘോഷിനെ ക്രൂരമായി മര്‍ദിച്ചത്.
ഒരു അപകടത്തില്‍ വലതുകൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ശിവഘോഷ് അതുവഴി വരുമ്പോള്‍ വഴിവക്കില്‍ മദ്യപിച്ചിരുന്ന ഗുണ്ടാസംഘമാണ് യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ച് തൊട്ടടുത്ത തോട്ടിലേക്ക് തള്ളിയിട്ടത്. മര്‍ദ്ദനത്തില്‍ ദേഹമാസകലം പരിക്കുപറ്റിയ ബിഎംഎസ് നേതാവ് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുറത്ത് പോലീസെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ശീലമായപ്പോള്‍ കിട്ടിയ വിളിപ്പേരാണ് പോലീസ് കുട്ടന് എന്നുള്ളത്. കൂലിത്തല്ലും ഗുണ്ടായിസവും നാട്ടില്‍ വര്‍ദ്ധിച്ചപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ച് ഈ ഗുണ്ടാസംഘത്തെ അമര്‍ച്ച ചെയ്തതാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടായിസവുമായി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍.
ഇതിനിടയില്‍ നിസാരസംഭവം എന്ന് പറഞ്ഞ് വടക്കേക്കര പോലീസ് പ്രതികളെ വെറുതെവിടുകയാണ് ചെയ്തത്. ഈ ഗുണ്ടാസംഘത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ബിഎംഎസ് പറവൂര്‍ മേഖല സെക്രട്ടറി കെ.എസ്.ശ്യാംജിത്ത് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് നേതാവിനെ ഗുണ്ടാസംഘം മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി അംഗം തമ്പികല്ലുപുറം, ബിജെപി മണ്ഡലം സെക്രട്ടറി എം.പി.കണ്ണന്, ബിഎംഎസ് പറവൂര്‍ മേഖലാ സെക്രട്ടറി കെ.എസ്.ശ്യാംജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: