ചാത്തന്നൂര്‍: മഴക്കാലത്തിന് മുന്‍പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിക്കാത്തത് പകര്‍ച്ചവ്യാധിഭീതി പരത്തുന്നു. ബ്ലോക്ക് തലത്തിലും പരവൂര്‍ മുന്‍സിപ്പല്‍ തലത്തിലും യോഗങ്ങള്‍ ചേര്‍ന്നെങ്കിലും നടപടികളൊന്നുമായില്ല.അതേസമയം ഏപ്രിലില്‍ത്തന്നെ ആരോഗ്യവകുപ്പ് ശുചീകരണത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ശുചീകരണം നടത്തേണ്ടത് പഞ്ചായത്തും മുന്‍സിപ്പല്‍ അധികാരികളും ആണെന്നും ആരോഗ്യവകുപ്പിന് അതിനുവേണ്ട ഫണ്ടില്ലെന്നും അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പഞ്ചായത്ത്, മുന്‍സിപ്പല്‍ അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ചിറക്കര എന്നീ പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലും ജനവാസ കേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു. വേനല്‍ മഴയില്‍ മാലിന്യം ഓടകള്‍ക്ക് പുറത്തുകൂടിയാണ് ഒഴുകുന്നത്.
ഇത്തിക്കരയാറ്റിന്റെ തീരത്ത് വാഹനങ്ങളുടെ തൂക്കം അളക്കുന്ന സ്ഥലത്തിന് ചേര്‍ന്നുള്ള വയല്‍ നികത്താന്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്.
തിരുമുക്കില്‍ ആക്രിക്കച്ചവടക്കാര്‍ മാലിന്യം കൂട്ടിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ചാത്തന്നൂര്‍ ടൗണില്‍ മനുഷ്യവിസര്‍ജ്ജ്യം അടക്കമുള്ള മാലിന്യം ഒഴുകുന്നത് ചാത്തന്നൂര്‍ തോട്ടിലേക്ക്. ടൗണിലെ മാലിന്യം നീക്കം ചെയ്യുന്നതൊഴിച്ചാല്‍ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയ്യണമെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ്. കല്ലുവാതുക്കല്‍ പാറ ജംഗ്ഷന് മുതല്‍ ജില്ലാ അതിര്‍ത്തിയായ കടമ്മാന്തോട്ടം ജംഗ്ഷന് വരെ ദേശീയപാതയുടെ തെരുവോരങ്ങളില്‍ മാലിന്യക്കൂമ്പാരമാണ്. കല്ലുവാതുക്കല്‍, പാരിപ്പള്ളി, വേളമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാര്‍ക്കറ്റിനകം മാലിന്യം കൊണ്ട് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പൂതക്കുളം പഞ്ചായത്തില്‍ മാലിന്യം നീക്കംചെയ്യുക എന്നത് വഴിപാടാണ് പുത്തന്‍കുളം മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. പാരിപ്പള്ളി-പരവൂര്‍ റോഡില്‍ എവിടെ നോക്കിയാലും മാലിന്യമാണ്.
കൊട്ടിയം മാര്‍ക്കറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥാപിച്ച പ്ലാന്റ് തന്നെ ഇല്ലാതായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ ആരോഗ്യവകുപ്പ് അധികാരികള്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയാല്‍ മാലിന്യം നീക്കും. കൂടുതല്‍ മാലിന്യവും ഇത്തിക്കരയാറ്റില്‍ തള്ളുകയാണ്. കുമ്മല്ലൂര്‍ തോണിക്കടവ് നാഗക്ഷേത്രത്തിന് എതിര്‍വശത്തുള്ള വയലില്‍ കോഴിവേസ്റ്റും അറവുമാലിന്യവും തള്ളുന്നതായും പരാതിയുണ്ട്.
പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം നീക്കം ചെയ്യുന്നത് ഭരണകക്ഷിയുടെ ഇഷ്ടക്കാരെ നോക്കിയാണെന്ന ആക്ഷേപവും ശക്തമാണ്. നഗരത്തിലെ ഓടകള്‍ക്ക് പുറത്തിട്ടിട്ടുള്ള മിക്ക സ്ലാബുകളും പൊട്ടിക്കിടക്കുകയാണ്. മാര്‍ക്കറ്റിനു സമീപം മുതല്‍ ഒരു കിലോമീറ്ററോളം ദൂരെ വരെ വെള്ളവും മാലിന്യവും കൊണ്ട് നിറയുകയാണ് പതിവ്. മാലിന്യം നീക്കം ചെയ്യാത്തതുമൂലം ജംഗ്ഷനും പരിസരവും ദുര്ഗന്ധപൂരിതമായിക്കഴിഞ്ഞു. ഓവുചാലിലും കായലോരങ്ങളും കടലോരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൂടികിടക്കുന്ന മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണി പരത്തുന്നുണ്ട്.
െ്രെപവറ്റ് ബസ്സ്റ്റാന്റ് പരിസരത്തും റോഡ്വക്കിലും കായല്തീരത്തുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മഴക്കാലം ആകുന്നതോടെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കും പടര്‍ന്ന് പിടിക്കുന്നതോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മാലിന്യം റോഡിലേക്ക് ചിതറിക്കിടക്കുകയാണ്.
പുക്കുളം ബസ് സ്റ്റോപ്പിന് സമീപം നെടുങ്ങോലം ആശുപത്രി, സാംസ്ക്കാരിക കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മാലിന്യം കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് .
കലയ്കോട് ഗവ.ആശുപത്രിയിലും പരിസരത്തും മാലിന്യമാണ്. പലയിടങ്ങളിലും യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. നഗരസ‘യില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന കാരണം. ഉള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിന് സുരക്ഷാഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്.
നഗരസഭയ്ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ക്ലീന്‍ കേരളയുടെയും ഫണ്ടുകളുണ്ടെങ്കിലും ഒരു നടപ്പിലാക്കുന്നില്ല. ചിറക്കര പഞ്ചായത്തില്‍ മാലിന്യനീക്കമോ ശുചീകരണ പ്രവര്‍ത്തനമോ പഞ്ചായത്ത് ഉണ്ടായ നാള് മുതല്‍ ഇന്ന് വരെ നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും ജനങ്ങളും ഒരേ രീതിയില്‍ തുറന്നു സമ്മതിക്കുന്നു മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് കാണിച്ച് ഫണ്ടും വര്‍ഷാവര്‍ഷം പഞ്ചായത്തില്‍ അനുവദിക്കുന്നുണ്ട്. ഇതെല്ലാം വകമാറ്റി ചെലവഴിക്കുകയോ പാഴാവുകയോ ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: