കുന്നിക്കോട്: ഒരാഴ്ചയായി വിളക്കുടി പഞ്ചായത്തില്‍ നടക്കുന്ന വിവാദങ്ങള്‍ കാരണം പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായി അവധിയെടുത്തു. ഇതോടെ അപേക്ഷകള്‍ നല്കാന് പോലും കഴിയാത്ത അവസ്ഥയുമായി. സംഭവം അന്വേഷിക്കാനെത്തിയ എഡിപിയെ ജനപ്രതിനിധികളും യുവമോര്‍ച്ച പ്രവര്‍ത്തകരുംചേര്‍ന്ന് തടഞ്ഞു.
ബിയര്‍ വൈന്‍ പാര്‍ലറിന് എന്‍ഒസി കൊടുത്ത നിലപാടിനെതിരെ ഭരണപ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധങ്ങളും ഉപരോധങ്ങളും നടത്തുമ്പോള്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതുകാരണം ദുരിതത്തിലായിരിക്കുന്നത് പൊതുജനമാണ്. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടും അപേക്ഷകള്‍ പോലും നല്കാന് കഴിഞ്ഞിട്ടില്ലെന്ന് പൊതുജനം പറയുന്നു.
പ്രതിഷേധങ്ങള്‍ ആരംഭിച്ച നാള് മുതല്‍ പ്രസിഡന്റും സെക്രട്ടറിയും അവധിയിലാണ്. സാധാരണ സെക്രട്ടറി ലീവില്‍ പ്രവേശിച്ചാല്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് ചുമതല നല്‍കുകയാണ് പതിവ്. എന്നാല്‍ അതും ഉണ്ടായിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും രാജിവയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെടുമ്പോള്‍ ഇരുവരെയും സംരക്ഷിച്ച് നിറുത്തനാണു സിപിഎമ്മിന്റെ ശ്രമം. എല്‍ഡിഎഫ് യോഗത്തില്‍ രാജിക്കാര്യം ജില്ലാനേതൃത്വത്തിന്റെ തീരുമാനത്തിന് വിടുകയും ചെയ്തു.
എന്നാല്‍ എല്‍ഡിഎഫ് യോഗത്തില്‍ ബിയര്‍ വൈന്‍ പാര്‍ലറിന് അംഗീകാരം നല്കിയ സെക്രട്ടറിയുടെ തീരുമാനം റദ്ദ് ചെയ്യാനാണ് ധാരണയായാത്. ഇത് സിപിഐ അംഗീകരിച്ചിട്ടില്ല. അനുമതിയില്ലാതെ അവധിയില്‍പോയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും താല്ക്കാലികചുമതല അസിസ്റ്റന്റ് സെക്രട്ടറിയ്ക്ക് കൈമാറിയെന്നും എഡിപി മോഹനചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: