ചവറ: സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ഒരു വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ല. ചിറ്റൂര്‍ നിവാസികളുടെ ജീവിതം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ. കെഎംഎംഎല്‍ കമ്പനിയുടെ സമീപ പ്രദേശമായ ഇവിടെ മാലിന്യങ്ങള്‍ കൊണ്ട് ഈ ഗ്രാമത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഒരുവര്‍ഷത്തിനു മുമ്പ് പ്രദേശവാസികള്‍ സംഘടിച്ച് കമ്പനി പടിക്കല്‍ സമരം നടത്തിയിരുന്നു.
ചിറ്റൂര്‍ നിവാസികളുടെ ദുരിതജീവിതം കണ്ട് മനസിലാക്കാന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, പി.സി. ജോര്‍ജ് എന്നിവര്‍ ഇവിടെയെത്തി സ്ഥലം ഉടന്‍ തന്നെ ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ജനങ്ങളുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് മലിനീകരണനിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ അധികൃതര്‍ എന്നിവര്‍ ചിറ്റൂര്‍ ഗ്രാമം സന്ദര്‍ശിച്ച് ഇവിടം വാസ യോഗ്യം അല്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരും കമ്പനി മാനേജ്മെന്റും സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി മലിനപ്പെട്ട പ്രദേശം ഏറ്റെടുക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത്ര നാളായിട്ടും കഴിയാത്തതിനാല്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
ആസിഡ് നിറഞ്ഞ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പല തരത്തിലുളള രോഗങ്ങളാണ് വരുന്നത്. കിണറുകള്‍ ഉണ്ടായിട്ടും ആസിഡ് കലര്‍ന്ന വെളളം ആയതിനാല്‍ ഇവ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. ഒരു പുല്‍ക്കൊടി പോലും കിളിക്കാത്ത ഒരു ഗ്രാമം ആയി ചിറ്റൂര്‍ മാറിയിട്ടും അധികൃതര്‍ തങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: