കൊച്ചി: സേവ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഒപ്പു ശേഖരണജാഥയും, പ്രതിഷേധ റാലിയും നാളെ സമാപിക്കും. കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ജനങ്ങളുടെ കയ്യൊപ്പു ശേഖരിച്ചു തയ്യാറാക്കിയ നിവേദനം രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍ പോളിനു കൈമാറുമെന്ന് ജിഎംസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കളമശേരി മെഡിക്കല്‍ കോളേജിനെ സംരക്ഷിക്കുക, ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജിഎംസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിച്ചത്. ജാഥയിലൂടെ മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ 42 വീല്‍ചെയറുകള്‍, 16 ട്രോളികള്‍, ഏഴ് ഓക്സിജന്‍ ട്രോളികള്‍ എന്നിവ സമാഹരിച്ചുവെന്നും അവര്‍.
അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഈ ഉപകരണങ്ങള്‍ നാളെ വെകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആശുപത്രിക്കു കൈമാറും. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളത്തില്‍ ജിഎംസി ഫോറം കണ്‍വീനര്‍ എന്‍.എ. മുഹമ്മദ്കുട്ടി, ചെയര്മാന് രംഗദാസ പ്രഭു, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജലീല്‍ കാനത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: