ചവറ: റേഷന്‍ കടകളിലൂടെ ബിപിഎല്‍, എപിഎല്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇനത്തില്‍ വിതരണം ചെയ്യുവാനായി ഇഷ്യൂ ചെയ്തു വന്നിരുന്ന 350 ചാക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ചവറ പോലീസ് പിടികൂടി. ചവറ പുത്തന്‍ചന്ത ജംഗ്ഷനു വടക്ക് പ്രവര്‍ത്തിച്ചു വന്നിരുന്ന രഹസ്യ ഗോഡൗണിനെ കുറിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി. ്രപകാശ് ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ മൂന്നു മാസമായി ഈ പ്രദേശത്ത് ആടുവളര്‍ത്തല്‍ നടത്താനായുള്ള ഫാം ഹൗസ് എന്ന നിലയില്‍ നാലുവശവും ചുറ്റുമതില്‍ കെട്ടിയാണ് റേഷനരി കടത്ത് നടത്തി വന്നിരുന്നത്. പുത്തന്‍ചന്ത സ്വദേശിയായ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള റഹിം ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സെവന് സ്റ്റാര്‍, നിലവിളക്ക്, ബെസ്റ്റ് റൈസ് എന്നീ പേരുകളിലെ ബ്രാന്‍ഡ് നെയിമിലെ പഌസ്റ്റിക് ചാക്കുകളില്‍ ഈ സബ്സിഡി അരി നിറച്ച് ഓപ്പണ്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടത്തി വരുന്നതാണ് ഇവരുടെ രീതി.
ചാക്ക് തയ്ക്കാനുള്ള മിഷന് ത്രാസുകള്‍ ആയിരത്തോളം വിവിധ ബ്രാന്റുകളുടെ പേരിലുള്ള കാലിച്ചാക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലയിലേക്ക് കയറ്റി അയയ്ക്കാനായി സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങളാണ് ഇതെന്ന് എസ്ഐ ഗോപകുമാര്‍ അറിയിച്ചു. ജില്ലയിലെ വിവിധ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ സബ്സിഡി നല്കി വിതരണം ചെയ്യുന്ന ‘ക്ഷ്യധാന്യങ്ങളില് ഭൂരിഭാഗവും പാരിപ്പള്ളി, കൊട്ടിയം, കൊല്ലം, പായിക്കട, ചവറ, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന റേഷന്‍ കരിഞ്ചന്തമാഫിയ എറണാകുളം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലേയ്ക്കുള്ള മില്ലുകളിലേയ്ക്കാണ് കടത്തുന്നത്.
ബിപിഎല്‍ വിഭാഗത്തില്‍ വിതരണം ചെയ്യുന്ന ഒരു കിലോ അരിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ 8 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. ഗോതമ്പിന് 5 രൂപയും നല്കി വരുന്നുണ്ട.് എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് 5രൂപ സബ്സിഡിയും സര്‍ക്കാര്‍ നല്കിവരുന്നു. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഇത് എത്താതെ വരുമ്പോള്‍ ഗവണ്മെന്റിന് സബ്സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണത്തിനു നല്‍കാനായി ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എസിപി ശിവസുതന്‍ പിള്ളയുടെ നിര്‍ദ്ദേശ പ്രകാരം ചവറ സിഐ ബിനു ശ്രീധര്‍, ചവറ എസ്ഐ ഗോപകുമാര്‍. ജി, എഎസ്ഐമാരായ അജി, രമേശന്, എസ്സിപിഒമാരായ പ്രസന്നകുമാര്‍, നന്ദകുമാര്‍,രാജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് രഹസ്യ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് ഭക്ഷ്യ സാധനങ്ങള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: