ആലപ്പുഴ: സ്പോര്‍ട്സ് സെന്ററുകളിലും സായിയുടെ പരീശീലന കേന്ദ്രങ്ങളിലും മികച്ച സൈക്കോളജിസ്റ്റുകളെയും മെന്റല്‍ ട്രെയിനേഴ്സിനെയും നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സായി പുന്നമടയിലെ ജല കായിക പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങളെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടര്‍ എന്‍. പത്മകുമാര്‍ ഒപ്പമുണ്ടായിരുന്നു.
ആശുപത്രിയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നു. രണ്ടുപേരുടെ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 48 മണിക്കൂര്‍ എങ്കിലും ഐസിയുവില്‍ തന്നെ നിരീക്ഷിക്കേണ്ടതുണ്ട്. എയിംസിലേക്ക് ഇവരെ മാറ്റേണ്ട കാര്യമില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. എയിംസിലെ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഒതളങ്ങയില്‍ നിന്നുള്ള വിഷം ഉള്ളില്‍ ചെന്നാണ് അപകടനില ഉണ്ടായത്. ഇതിന് കൂടുതല്‍ മികച്ച ചികിത്സ ഇവിടെ തന്നെ നല്‍കുന്നത് ഉചിതമെന്നാണ് അഭിപ്രായമുയര്‍ന്നത്. കായികതാരങ്ങളെ ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച് പൂര്‍ണമായി സുഖപ്പെട്ടെന്ന് ഉറപ്പാക്കും.
30 വര്‍ഷമായി ആലപ്പുഴയിലെ സായി സെന്റര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സായി അധികൃതരുടെ വീഴ്ച പൂര്‍ണമായും തള്ളിക്കളയുന്നില്ല. അന്വേഷണത്തിലൂടെയാണ് ഇതൊക്കെ പുറത്തുവരേണ്ടതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കായിക സെക്രട്ടറിയുടെ അന്വേഷണം കഴിഞ്ഞ ദിവസം തുടങ്ങി. ജിവി രാജാ സ്കൂളിലെ സ്ഥിതി മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. തിരുവനന്തപുരത്ത് അടുത്തയാഴ്ച ഇതുസംബന്ധിച്ച് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആലപ്പുഴയില്‍ സായിക്ക് സ്ഥിരമായ ഹോസ്റ്റല്‍ സംവിധാനവും പരിശീലകരെയും പരിഗണിക്കും. സ്പോര്‍ട്സ് അക്കാദമികളില്‍ ചിട്ടയായ കഠിനപരിശീലനം ആവശ്യമാണെന്നും അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: