ആലപ്പുഴ: ആലപ്പുഴയില്‍ ഈ മാസം 21ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത് 12,508 അപേക്ഷ. ഏപ്രില്‍ 17 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചത്. അതിനുശേഷവും നേരിട്ട് അപേക്ഷ സ്വീകരിച്ചുവരുകയാണ്. ഏപ്രില്‍ 18 മുതല്‍ മേയ് ആറുവരെ 2,498 അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ചു. ഇതു തീര്‍പ്പാക്കി മേയ് 16 നുള്ളില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പ്രിലിമിനറി സ്ക്രീനിങ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളാണ് ഏറ്റവും അധികം ലഭിച്ചത്. 5,080 അപേക്ഷകള്‍. റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിനായി 1,014 അപേക്ഷ ലഭിച്ചു. എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട് 4,93 അപേക്ഷകളും ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് 2,00 അപേക്ഷകളും സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട് 5,93 അപേക്ഷകളും ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ട് 4,00 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് 2,78 പരാതികളും ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട 3,44 പരാതികളും വിവിധ മുനിസിപ്പല്‍ സെക്രട്ടറിമാരുമായി ബന്ധപ്പെട്ട 4,80 പരാതികളും ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി ലഭിച്ച അപേക്ഷകള്‍ അതത് വകുപ്പിലേക്ക് അയച്ച് മറുപടി ഓണ്‍ലൈനായിത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്. തീര്‍പ്പാക്കാത്ത കേസുകളില്‍ 16 നകം തീര്‍പ്പ് കല്‍പ്പിച്ച് വിവരം അറിയിക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: