ചേര്‍ത്തല: ജനവാസ കേന്ദ്രത്തില്‍ ബീവറേജസ് ഔട്ട്ലെറ്റ് തുടങ്ങുവാനുള്ള നീക്കം അധികാരികള്‍ ഉപേക്ഷിച്ചു. ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപത്തെ വിദേശമദ്യവില്പ്പനശാലയ്ക്കെതിരെ പ്രദേശവാസികളുടെ ഒരുമാസം നീണ്ട സമരത്തിനുമുന്നില്‍ അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.
കഴിഞ്ഞ ഏപ്രില്‍ നാലിന് സമീപവാസികളായ പത്തോളം കുടുംബങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ പ്രക്ഷോഭം ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മദ്യവില്‍പ്പനശാല ഇവിടെ തുറക്കില്ലെന്ന് പി. തിലോത്തമന് എംഎല്‍എ സമരപ്പന്തലില്‍ ഇന്നലെ നേരിട്ടെത്തി ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ചേര്‍ത്തല ദേവീക്ഷേത്രത്തിന്റെ ആറാട്ടുവഴിയില്‍ ഉണ്ടായിരുന്ന പൂരക്കല്ല് ഇടിച്ചുതാഴ്ത്തി മദ്യവില്‍പ്പനശാലയിലേക്ക് റോഡിട്ടതിനെതിരെ ജന്മഭൂമി വാര്‍ത്ത നല്‍കുകയും, സമരപ്പന്തലില്‍ പത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി സംഘടനകളാണ് ജനകീയ സമരത്തിന് പിന്തുണയുമായി എത്തിയത്. നിലവില്‍ വടക്കേ അങ്ങാടിക്കവലയ്ക്ക് സമീപമുള്ള രണ്ട് മദ്യവില്‍പ്പനശാലകളില്‍ ഒന്ന് ഇങ്ങോട്ട് മാറ്റുവാനായിരുന്നു അധികാരികളുടെ ശ്രമം. വയലാര്‍, തൈക്കല്‍, നെടുമ്പ്രക്കാട് സ്ഥലങ്ങളിലേക്ക് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പി. തിലോത്തമന് എംഎല്‍എ സമരം വിജയിച്ചതായി പ്രഖ്യാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സല്മാസുനില് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക് പ്രമുഖ് ഡി. ജ്യാതിഷ്, രാജു, ശ്രീകുമാര്‍, വേണുഗോപാല്‍, ഷീജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: