തൃശൂര്‍: സാമ്പിള്‍ വെടിക്കെട്ട് ദിവസം പൂരപ്രേമികളെ ദുരിതത്തിലാക്കി കോര്‍പ്പറേഷനും കെഎസ്ഇബിയും. പൂരത്തിന്റെ ഭാഗമായി മഠത്തില്‍ വരവ് നടക്കുന്ന പാണ്ടി സമൂഹമഠം ഹാളിന് മുന്നിലെ റോഡ് ടാര്‍ ചെയ്യാന്‍ കോര്പ്പറേഷന് സമയം ലഭിച്ചത് ഇന്നലെ മാത്രം.
രാവിലെ ആരംഭിച്ച ടാറിംഗ് വൈകുന്നേരം വെടിക്കെട്ട് പ്രേമികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തുമ്പോഴും അവസാനിച്ചില്ല. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. റോഡ് അടച്ചായിരുന്നു ടാറിംഗ്. ടാറിംഗില്‍ അപാകതയുണ്ടെന്നും ആരോപണമുണ്ട്. നാളെയാണ് മഠത്തില്‍ വരവ്. ഒരു ദിവസം മുന്‍പ് മാത്രം ടാര്‍ ചെയ്തത് കനത്ത ചൂടില്‍ ഭക്തജനങ്ങള്‍ക്കും ആനകള്‍ക്കും ദുരിതമാണുണ്ടാക്കുക.
കോര്‍പ്പറേഷനെ കടത്തി വെട്ടുകയാണ് കെഎസ്ഇബി. പൂരത്തിന് കൊടികയറിയിട്ടും കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ന്നിട്ടില്ല. സാമ്പിള്‍ വെടിക്കെട്ട് ദിവസമായ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ നഗരത്തില്‍ വൈദ്യുതി മുടങ്ങി.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പൂരത്തിന്റെ അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി നഗരത്തില്‍ പലദിവസങ്ങളില്‍ വൈദ്യുതി മുടങ്ങിയിരുന്നു. കനത്ത ചൂടില്‍ വൈദ്യുതിയുമില്ലാതായതോടെ നഗരം വിയര്‍ത്തൊലിക്കുകയാണ്. പൂരമെത്തിയിട്ടും അറ്റകുറ്റപ്പണി അനന്തമായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: