അക്കാപ്പെല്ല എന്ന സംഗീത സംസ്കാരം മലയാളിയ്ക്ക് എത്ര പരിചയമുണ്ടെന്നറിയില്ല. കാരണം അക്കാപ്പെല്ല മലയാളത്തില്‍ കൊണ്ടുവന്ന് അതിനെ പരിചയപ്പെടുത്താന്‍ അധികമാരും മെനക്കെട്ടില്ല എന്നതുതന്നെ. എന്നാല്‍ അതിനായി വിയര്‍പ്പൊഴുക്കിയ ഒരു പെണ്‍കുട്ടി ഇവിടെയുണ്ട്. അക്കാപ്പെല്ലയെ നമ്മുടെ സംഗീതലോകത്തിന് മലയാളം ഗാനത്തിലൂടെത്തന്നെ കൂടുതല്‍ പരിചയപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ സൗമ്യ സനാതനന് എന്ന യുവഗായികയാണ്. സംഗീതത്തിനായി ജീവിതമുഴിഞ്ഞുവെച്ച സൗമ്യ ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ റിസര്‍ച്ച് ചെയ്യുകയാണ്. അതിനിടെയാണ് വ്യത്യസ്തമായ ഈ അനുഭവം അവര്‍ മലയാളിയ്ക്ക് സമ്മാനിച്ചത്. ഒരുപാട് സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും അക്കാപ്പെല്ല പോലുള്ള വ്യത്യസ്തമായ സംഗീതരീതികളെ സൗമ്യ ഏറെ ഇഷ്ടപ്പെടുന്നു.
ആകാശവാണിയില്‍ എ-ഗ്രേഡ് ആര്‍ട്ടിസ്റ്റും ലൈറ്റ് മ്യൂസിക് കംപോസറും കൂടിയായ സൗമ്യ ബിഎ, എംഎ മ്യൂസിക് കോഴ്സുകളില്‍ ഒന്നാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ഈ പ്രതിഭ ഇനിയുമെത്തിയില്ല എന്നത് സൗമ്യയുടെ സ്വരം കേള്‍ക്കുമ്പോള്‍ ആരിലും അത്ഭുതമായി അവശേഷിയ്ക്കും. ആരെയും പിടിച്ചിരുത്തുന്ന ശബ്ദമാധുര്യം സംഗീതമാകുന്ന വഴിത്താരയില്‍ സൗമ്യയ്ക്ക് അനുഗ്രഹമാകുമെന്ന് നിസ്സംശയം പറയാം. പാട്ടിലെ ചെറിയ കയറ്റിറക്കങ്ങളില്‍ പോലും ഏറെ ശ്രദ്ധിക്കുന്ന സൗമ്യയുടെ ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഈ ഗായികയുടെ അക്കാപ്പെല്ല ഇന്ന് വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലെ ”തുമ്പപ്പൂക്കാറ്റില്‍ താനേ ഊഞ്ഞാലാടീ…”എന്ന ഗാനമാണ് അക്കാപ്പെല്ലയ്ക്കായി സൗമ്യ തിരഞ്ഞെടുത്തത്. ലക്ഷക്കണക്കിന് പേരാണ് ഈ ഗാനശൈലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
1998-ല്‍ ഏഷ്യാനെറ്റിലെ മഗരിസ എന്ന പരിപാടിയില്‍ തബല വായിച്ചു കൊണ്ടാണ് സൗമ്യ സംഗീതലോകത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ പിന്നീട് പഠിത്തവും പ്രവാസി ജീവിതവുമെല്ലാം കൂടി സൗമ്യയുടെ നല്ല കുറേ നാളുകള്‍ അങ്ങനെപോയി. അപ്പോഴും ഏറെ സ്നേഹിക്കുന്ന സംഗീതത്തിന് മുടക്കം വരുത്തിയില്ല. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതോടെ തന്റെ ആഗ്രഹങ്ങള്‍ക്ക് പ്രാണന് നല്‍കുന്നതിനായി പ്രാമുഖ്യം. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സമയമെടുത്താണ് സൗമ്യ അക്കാപ്പെല്ല പൂര്‍ത്തിയാക്കിയത്. അക്കാപ്പെല്ലയുടെ പ്രത്യേകത കൂടി പറയാം. ഒരു പാട്ട് യാതൊരു സംഗീത ഉപകരണത്തിന്റെയും സഹായമില്ലാതെ ഗായകനോ ഗായികയോ വിരല്‍ ഞൊടിച്ചോ, വായ് കൊണ്ട് ശബ്ദമുണ്ടാക്കിയോ പാശ്ചാത്തല സംഗീതം കൊടുത്ത് പാടി റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് അക്കാപ്പെല്ല. പാശ്ചാത്യ രാജ്യങ്ങളില്‍ വളരെ പ്രചാരമുള്ള ഈ സംഗീതരീതിയ്ക്ക് എന്നാല്‍ കേരളത്തില്‍ അത്ര ലൈക്ക് കിട്ടിയിരുന്നില്ല. ചുരുക്കം ചിലര്‍ അക്കാപ്പെല്ലയുമായി രംഗത്തു വന്നെങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടതുമില്ല. എന്നാല്‍ സൗമ്യ സനാതനന് മലയാളികള്‍ പലരും ഇഷ്ടപ്പെടുന്ന പാട്ടിനെ അക്കാപ്പെല്ലയിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും യൂടൂബിലും ഇഷ്ടപ്രേക്ഷകരുടെ എണ്ണം കൂട്ടി.
തബല, ഇടയ്ക്ക എന്നിവ നന്നായി വായിക്കുന്ന സൗമ്യ കഴിഞ്ഞ ഓണത്തിന് വാദ്യോപകരണങ്ങള്‍ സ്വന്തമായിത്തന്നെ വായിച്ച് റെക്കോര്‍ഡ് ചെയ്ത് ഓണപ്പാട്ടും പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ജോബോയ് എന്ന അദ്ധ്യാപകന്റെ കീഴില്‍ ഡ്രംസും പഠിക്കുന്നു. സൈക്കോളജിയില്‍ ബിരുദധാരി കൂടിയായ സൗമ്യ ഇതിനിടെ തിരുവനന്തപുരത്ത് സ്വന്തമായി ഓഡിയോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും സ്ഥാപിച്ചു. സായ്വര്‍ തിരുമേനി, ചതുരംഗം, വസന്തത്തിന്റെ കനല് വഴികള്‍ എന്നീ സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചെങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടില്ല.
പെരുമ്പാവൂര്‍.ജി.രവീന്ദ്രനാഥിന്റെ ശിഷ്യ കൂടിയായിരുന്ന സൗമ്യ വെസ്റ്റേണ്‍ മ്യൂസിക്കിലും താല്‍പ്പര്യമുള്ള കൂട്ടത്തിലാണ്. മുമ്പ് ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗില്‍ മഞ്ജരിയോടൊപ്പം പാടിയിരുന്നു. എന്നാല്‍ ആ ഗാനത്തിന് മഞ്ജരിയ്ക്ക് ഏഷ്യാനെറ്റ് ടിവി അവാര്‍ഡ് ലഭിച്ചെങ്കിലും സൗമ്യ തഴയപ്പെടുകയായിരുന്നു.
അക്കാപ്പെല്ല ഭാഗ്യം കൊണ്ടുവന്നു എന്നതാണ് ഇന്ന് സൗമ്യയ്ക്കുള്ള വലിയ സന്തോഷം. അക്കാപ്പെല്ലയുമായി സഹകരിച്ച സുഹൃത്തുക്കളായ അനീഷ്, അനില്‍, സുജിത്ത്, ഗായിക പ്രീത, ബാബു ജോസ് തുടങ്ങി എല്ലാവരോടും പ്രത്യേകം നന്ദി പറയാനും സൗമ്യ മറക്കുന്നില്ല. സലാലയില്‍ ബിസിനസ്സ് ചെയ്യുന്ന അച്ഛന് കെ.സനാതനന് അമ്മ താര സനാതനന് എന്നിവരാണ് തന്റെ വിജയത്തിനും പ്രോത്സാഹനത്തിനും പിന്നിലെന്ന് സൗമ്യ പറയുന്നു. നാലര വയസ്സുള്ള മകള്‍ നീലാംബരിയും അമ്മയുമൊത്ത് തിരുവനന്തപുരം കൈമനത്താണ് ഇപ്പോള്‍ താമസം. ഒരു പക്ഷേ വരും കാലങ്ങളില്‍ സൗമ്യയുടെ പേര് പതിഞ്ഞ സിനിമാ ഗാനങ്ങളും പുതിയ പാട്ടുകളും വ്യത്യസ്തമായ സംഗീതരീതികളും ഒഴുകി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: