തുറവൂര്‍: സംസ്കൃത സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായുളള സ്ഥലമെടുപ്പില്‍ വന്‍അഴിമതിക്ക് നീക്കമെന്നു ആക്ഷേപം ഉയരുന്നു. തുറവൂര്‍ ജങ്ഷന് കിഴക്കു ഭാഗത്ത് തരിശായിക്കിടക്കുന്ന പാടം ഏറ്റെടുക്കുവാനുളള രഹസ്യനീക്കമാണ് ആക്ഷേപത്തിനു കാരണം.
ചന്തിരൂര്‍ ശാന്തിഗിരി ആശ്രമം സര്‍വകലാശാല ക്യാമ്പസിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ രാഷ്ട്രീയ വടംവലിയും ഭൂമാഫിയയുടെ സ്വാധീനം മൂലവും ഭൂമി ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതു കൂടാതെ നിര്‍ദ്ദിഷ്ട ഭൂമിക്ക് വിളിപ്പാടകലെ ഏക്കറുകണക്കിനു സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് കോടികള്‍ മുടക്കി സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്.
ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേര്‍ന്നാണ് സര്‍ക്കാറിന്റെ കോടികള്‍ തട്ടിയെടുക്കുവാനുളള അണിയറ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. ഭൂമാഫിയ ഇതിനോടകം തുച്ഛമായ വിലയ്ക്കു വാങ്ങിയ തരിശു നിലം വന്‍വിലയ്ക്കു സര്‍ക്കാറിനു കൈമാറാനാണ് നീക്കം നടത്തുന്നത്. നിര്‍ദ്ദിഷ്ട ചതുപ്പ് ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരുക്കിയെടുക്കുവാന്‍ തന്നെ കോടികള്‍ വേണ്ടിവരും. ഇപ്പോള്‍ ഏറ്റെടുക്കുവാന്‍ നീക്കം നടത്തുന്ന ചതുപ്പ് നിലത്തില്‍ നിന്നും വിളിപ്പാടകലെയാണ് തുറവൂര്‍ ഗ്രാമപഞ്ചായത്തിന്റെ മത്സ്യമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
നിലവില്‍ ഈ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പല സര്‍ക്കാര്‍ സ്ഥാപനങ്ങളും മലിനീകരണ ഭീഷണിയെത്തുടര്‍ന്ന് ഇവിടെ നിന്നും മാറ്റിയിട്ട് നാളേറെയായിട്ടില്ല. പഞ്ചായത്ത് കമ്മറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥലമെടുപ്പിന് നീക്കം നടത്തുന്നതെന്നും അറിയുന്നു. സംസ്കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം തുറവൂരില്‍ തന്നെ നിലനിര്‍ത്താന്‍ തൈക്കാട്ടുശേരി കടവിനു സമീപമുളള സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: