ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ശ്രീ വത്സന് തില്ലങ്കേരിയുടെ ഫോണ്‍സന്ദേശം ലഭിച്ചു. ആറളത്തെ പഴയ സ്വയംസേവകര്‍ കെ. വത്സന് അന്തരിച്ച വിവരം അറിയിക്കാനാണ് വിളിച്ചത്. പക്ഷേ പറഞ്ഞു ധരിപ്പിക്കാന്‍ കുറച്ച് പ്രയാസപ്പെട്ടതിനാല്‍ മറ്റൊരു വത്സനെന്നു ഞാന്‍ ആദ്യം തെറ്റിദ്ധരിച്ചു.
ആരോഗ്യവാനായിരിക്കുന്ന അദ്ദേഹത്തോട് മനസാ മാപ്പിരക്കുകയും ചെയ്തു. ആറളത്തെ വത്സനുമായി ഞാന്‍ കണ്ണൂരില്‍ പ്രചാരകനായിരുന്ന അന്‍പതുകളുടെ അവസാനവര്‍ഷങ്ങളില്‍ അടുത്തബന്ധമാണുണ്ടായിരുന്നത്. അക്കാലത്തെ കാര്യാലയമായിരുന്ന തളാപ് സുന്ദരേശ്വര ക്ഷേത്രത്തിനുമുമ്പിലുള്ള രാഷ്ട്രമന്ദിരത്തില്‍ മൂന്നുവര്‍ഷത്തോളം വത്സന് ഒപ്പമുണ്ടായിരുന്നു. ആയിടെ ആരംഭിച്ച കണ്ണൂര്‍ പോളിടെക്നിക്കല്‍ പഠിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഈ പംക്തികളില്‍ മുമ്പും വത്സനെ പരാമര്‍ശിച്ചിട്ടുണ്ട്. അതു പലരും ഓര്‍ക്കുന്നുമുണ്ടാവും.
പോളിടെക്നിക് പഠനകാലത്ത് കണ്ണൂര്‍ കാര്യാലയത്തില്‍ മറ്റു രണ്ടുമൂന്നു പേര് കൂടി ഉണ്ടായിരുന്നു. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും തിരൂരും നിന്നുള്ളവര്‍. വത്സന് വളരെ സരസനും മറ്റുള്ളവര്‍ ചിന്തിക്കാത്ത വിധം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുമായിരുന്നു. മുമ്പ് ആര്‍ട്ടിസ്റ്റ് വാര്യര്‍ മാസ്റ്ററെക്കുറിച്ചെഴുതിയപ്പോള് പരാമര്‍ശിക്കപ്പെട്ട ധര്‍മടത്തെ സി. ചിന്നനാണ് തലശ്ശേരി താലൂക്കിന്റെ കിഴക്കന്‍ മേഖലകളില്‍ സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ പറ്റുന്ന പലരെയും കണ്ടെത്തിയത്.
ആറളം എന്ന സ്ഥലം ഇന്ന് വളരെ (കു)പ്രസിദ്ധമാണ്. ശരിയായ ആസൂത്രണത്തിന്റെയും വീണ്ടുവിചാരത്തിന്റെയും കുറവുമൂലം ഏതാണ്ട് 25,000 ത്തിലേറെ ഏക്കര്‍ ഭൂമി നാനാവിധമായതിന്റെ കഥയാണത്. അതവിടെ നില്ക്കട്ടെ. ആറളത്ത് ബാവലിപ്പുഴയുടെ തീരത്തുള്ള ഒരു പഴയ കര്‍ഷകനായിരുന്ന കണ്ണനെ ചിന്നേട്ടന്‍ സംഘവുമനായി ബന്ധപ്പെടുത്തി. എന്റെ മുന്‍ഗാമിയായി തലശ്ശേരിയിലുണ്ടായിരുന്ന പ്രചാരകന് ശ്രീ വി. കൃഷ്ണ ശര്‍മയുമായി പരിചയമാക്കി. ആ പ്രകൃതിസുന്ദരമായ പുഴയോരവും കൃഷിയിടങ്ങലും കുതിച്ചുപായുന്ന പുഴയിലെ കുളിയുമൊക്കെ ശര്‍മ്മാജിക്ക് അതീവഹൃദ്യമായി.
ഇരിട്ടിക്കടുത്ത് കീഴൂര്‍ ശാഖയിലാണ് കണ്ണേട്ടനും വിദ്യാര്‍ത്ഥിയായിരുന്ന മകന് വത്സനും പങ്കെടുത്തത്. ശര്‍മ്മാജി രോഗബാധിതനായി തലശ്ശേരിയില്‍നിന്നു മാറി ഞാന്‍ എത്തുന്നതിനിടയിലുള്ള ഏതാനും മാസക്കാലം അവിടെ ബന്ധം മുറിഞ്ഞുപോയിരുന്നു. മഴക്കാലത്ത് ആറളത്തേക്ക് പോകാന്‍ പ്രയാസമായിരുന്നു. വളരെ വീതിയുള്ള ബാവലിപ്പുഴ കടക്കുക അസാധ്യം. ഇന്ന് പാലവും റോഡുമൊക്കെയുണ്ട്.
വത്സന് ശനിയും ഞായറും വീട്ടില്‍ പോകും. തിരിച്ചുവരുമ്പോള്‍ കശുവണ്ടി ചുട്ടു തല്ലിയത്, ചക്കപ്പഴും തുടങ്ങിയ വിശിഷ്ട വസ്തുക്കള്‍ കൊണ്ടുവരും. അതിനായി കാര്യാലയവാസികളും തളാപ്പിലെ സ്വയംസേവകരും കാത്തിരിക്കും. ചിലയവസരങ്ങളില്‍ വത്സന് നാട്ടിലേക്ക് എന്നെയും കൂട്ടി. അദ്ദേഹത്തിന്റെയും കണ്ണേട്ടന്റേയും നാട്ടറിവുകളും മണ്ണിന്റെ മണമുള്ള തമാശകളും കേള്‍ക്കാന്‍ സുഖകരമായിരുന്നു. കൃഷിയിടത്ത് വിനാശമുണ്ടാക്കുന്ന പന്നിയേയും മറ്റും വെടിവെച്ചോടിക്കാന് കണ്ണേട്ടനും കൂട്ടുകാരും അത്താഴം കഴിഞ്ഞു തോക്കുകളും നിറച്ച് യാത്രയാകും.
രാവിലെ തിരിച്ചെത്തുമ്പോള്‍ പിറ്റേന്നത്തെ ഭക്ഷണത്തിനുള്ള വെടിയിറച്ചി റെഡി.
അതിനിടെ പൂജനീയ ഗുരുജിയുടെ കണ്ണൂര്‍ സന്ദര്‍ശനമുണ്ടായി. തളാപ്പു സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഹാളിലായിരുന്നു പരിപാടി. ഇരുന്നൂറു സ്വയംസേവകര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. കണ്ണൂരില്‍ സംഘത്തിന്റെ രക്ഷിതാവുപോലെ (പിന്നീട് സംഘചാലക്) ആയിരുന്ന വക്കീല്‍ വി.ഡി. കൃഷ്ണന് നമ്പ്യാരുടെ വസതിയിലായിരുന്നു ശ്രീഗുരുജി താമസിച്ചത്. രാത്രി താമസമില്ല. അതിനാല്‍ പകല്‍ മാത്രം. അന്നവിടെ ഭക്ഷണം പാകം ചെയ്യാന്‍ ഒരു ഗോവിന്ദനെ ഏര്‍പ്പാടാക്കിയിരുന്നു. അയാളെ സഹായിക്കാന്‍ വത്സനും.
ഗുരുവായൂര്ക്കാരന് ഗോവിന്ദന് കണ്ണൂരും തലശ്ശേരിയിലും വീടുകളില്‍ വിറകുകീറുക, വിശേഷാവസരങ്ങളില്‍ പാചകം ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്തുകഴിഞ്ഞുവന്നു. ആ പാചകം വത്സനു നന്നെ പിടിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം തന്റെ സഹോദരിയുടെ വിവാഹം വന്നപ്പോള്‍, അവരുടെ ജാതിരീതികള്ക്കു വിരുദ്ധമായി സസ്യാഹാരം മതിയെന്നു നിശ്ചയിക്കുകയും ഗോവിന്ദനെ കൊണ്ടുപോകുകയും ചെയ്തു. അയാള്‍ അവരുടെ പ്രതീക്ഷകളെയൊക്കെ മറികടന്ന്, വിചാരിച്ചതിലും പകുതി സാധനങ്ങള്‍ ഉപയോഗിച്ച് അത്യന്തം സ്വാദിഷ്ഠമായ സദ്യ തയ്യാറാക്കിക്കൊടുത്തു. ആ വീട്ടുകാര്‍ നല്കിയ പ്രതിഫലത്തുക ഗോവിന്ദന് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലായിരുന്നു.
വത്സന്റെ ”രണ്ടാമത്തെ മരണ”മാണ് കഴിഞ്ഞയാഴ്ചയുണ്ടായ യഥാര്‍ത്ഥ മരണം. കണ്ണൂരില്‍ താമസിക്കവേ മഴക്കാലത്ത് മനോഹരമായ ക്ഷേത്രക്കുളമായിരുന്നു കുളിക്കാനും നീന്തല്‍ പഠിക്കാനുമായി ചുറ്റുപാടുമുള്ളവര്‍ ഉപയോഗിച്ചുവന്നത്. ആറളം പുഴയില്‍ നീന്തിക്കുളിച്ചു വളര്‍ന്ന വത്സന് കാര്യാലയത്തിലെ കുളിമുറിയിലെ കുളിയേക്കാള്‍ കുളത്തിലെ മുങ്ങിക്കുളി ഇഷ്ടപ്പെട്ടത് സ്വാഭാവികമാണല്ലൊ. ഒരു വെള്ളിയാഴ്ച പോളിയില്‍നിന്ന് വന്ന പുസ്തകങ്ങളുമായി നേരെ കുളത്തില്‍ ചെന്ന് അതൊക്കെ കരയ്ക്കുവെച്ച് കുളി കഴിഞ്ഞു മുണ്ടും ഷര്ട്ടുമെടുക്കാതെ കാര്യാലയത്തില്‍ വന്ന് കിടന്നു.
പുലര്‍ച്ചക്ക് എണീറ്റ് നാട്ടിലേക്ക് പോകുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അവിടെയുണ്ടായിരുന്നവരും വീടുകളില്‍പോയി. ഞാനും ശാഖകള്‍ സന്ദര്‍ശിക്കാനായി നാലുദിവസം സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ കുളിക്കാന്‍ എത്തിയവര്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായി കാര്യാലയത്തിലെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. വത്സന് കുളത്തില്‍ വീണു മരിച്ചുവെന്നു കിംവദന്തി പരക്കാന്‍ താമസമുണ്ടായില്ല. ഇന്നത്തെപ്പോലത്തെ സൗകര്യങ്ങള്‍ അചിന്ത്യമായ അക്കാലത്തു യഥാര്‍ത്ഥ വിവരമറിയാന്‍ ഒരുവഴിയുമുണ്ടായില്ല. തിങ്കളാഴ്ച വീട്ടില്‍നിന്ന് നേരെ പോളിയില്‍ വന്നു വൈകുന്നേരം വത്സന് കാര്യാലയത്തിലെത്തി.
ഞാനും സന്ധ്യയോടെ വന്നു. രാത്രി ശാഖയില്‍ എല്ലാവരും ഒത്തുകൂടിയപ്പോഴാണ് രണ്ടുദിവസം അവിടെ നടന്ന പ്രകമ്പനങ്ങള്‍ വത്സന് അറിഞ്ഞത്. കാര്യാലയത്തില്‍ പിന്നെ സന്ദര്‍ശകപ്രവാഹമായിരുന്നു. വത്സന്റെ പഠനം കഴിഞ്ഞു വൈദ്യുതി ബോര്‍ഡില്‍ ജോലിക്കാരനായി. ഞാന്‍ കോട്ടയത്തും.
പിന്നീട് ജനസംഘ ചുമതലയായി കോഴിക്കോട്ടും എത്തി. അങ്ങനെയിരിക്കെ ഒരു ദിവസം നല്ലളം സബ്സ്റ്റേഷനടുത്തുവെച്ചു വത്സനെ കണ്ടു. അദ്ദേഹത്തിന് സംസാരിക്കാന്‍ വാക്കുകള്‍ മുട്ടിപ്പോയി. തുടര്‍ന്നു കത്തുകളിലൂടെ സമ്പര്‍ക്കം തുടര്‍ന്നു. പല കത്തുകളും നീണ്ട ഉപന്യാസങ്ങളായിരുന്നു. ഒരു ആചാര്യനില്‍നിന്ന് ദീക്ഷ സ്വീകരിച്ചുവെന്നും താനും തലശ്ശേരിയിലെ ചന്ദ്രേട്ടനും (വിഭാഗ് സംഘചാലക്) ഗുരുഭായിമാരാണെന്നും എഴുതിയിരുന്നു.
വത്സന് തില്ലങ്കേരി ആറളത്തുനിന്നു വിളിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പല പഴയ പ്രവര്‍ത്തകരും അവിടെ ഒപ്പമുണ്ടായിരുന്നു. ഓര്‍മയില്‍ വെക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ അവശേഷിപ്പിച്ചാണ് ആറളം വത്സന് യാത്രയായത്.ആ സംഭാഷണം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം അതേ കാലഘട്ടത്തില്‍ ഒരുമിച്ചുണ്ടായിരുന്ന മറ്റൊരാളുടെ ഫോണ്‍ വിളിയെത്തി. അത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍നിന്നായിരുന്നു. എന്റെകൂടെ 1956 ല്‍ ചെന്നൈയിലെ വിവേകാനന്ദ കോളേജില്‍ പ്രഥമവര്‍ഷ ശിക്ഷണം നേടിയ എം.ടി. കരുണാകരന്. അദ്ദേഹത്തിന്റെ മക്കള്‍ക്കൊപ്പം ആശ്രമാന്തേവാസിയായിക്കഴിയുന്നു.
ചെന്നൈയില്‍ വരുമ്പോള്‍ അദ്ദേഹം വയനാട്ടിലെ വിസ്താരകനാണ്. കെ.ജി.മാരാര്‍ (അന്ന് ഗോവിന്ദന്) ദ്വിതീയ വര്‍ഷ ശിക്ഷണത്തിനുണ്ടായിരുന്നു. ഇരുവരും ഒരേ നാറാത്ത് ഗ്രാമക്കാര്‍. മാരാരുടെ ജ്യേഷ്ഠന് വേലായുധമാരാര്‍ അവിടത്തെ ക്ഷേത്രത്തില്‍ കഴകമായിരുന്നു. കരുണാകരന്റെ കുടുംബക്കാര് സ്വര്‍ണ്ണപ്പണിക്കാരും. സഹോദരങ്ങളെല്ലാം കലാസാഹിത്യരംഗങ്ങളില് ശോഭിച്ചവരായിരുന്നു. കണ്ണൂരില്‍ സംഘത്തിന്റെ അടിത്തറ ഭദ്രമാക്കിയ പ്രചാരകന് വി.പി. ജനാര്‍ദ്ദനന്റെ അരുമകളായിരുന്നു അവരെല്ലാം. എം.ടി. കരുണാകരന് നന്നായി കവിതകളെഴുതുമായിരുന്നു.
1950-60 കളിലെ കേസരി വാരിക അദ്ദേഹത്തിന്റെ കവിതാ സമൃദ്ധമായിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനും കവിയുമായിരുന്ന കുമാര്‍ നാറാത്ത് കരുണാകരന്റെ ജ്യേഷ്ഠന്റെ പുത്രനായിരുന്നു. ഞാന്‍ തലശ്ശേരിയില്‍ ആദ്യം താമസിച്ച 1958 ല്‍ കരുണാകരന് അവിടുത്തെ ഒരു ഐടിഐയില്‍ സിവില്‍ എഞ്ചിനീയറിങ്ങ് പഠിക്കാന്‍ എത്തി. താമസം റെയില്‍വേ സ്റ്റേഷനടുത്ത് അടുത്ത സ്റ്റേഷനായി ടെമ്പിള്‍ ഗേറ്റിനടുത്ത് ജഗന്നാഥ ക്ഷേത്രത്തിന്റെ കുളമുണ്ടായിരുന്നു. രാവിലത്തെ തീവണ്ടിയില്‍ അവിടെയെത്തി സമൃദ്ധമായി കുളിച്ച് തിരുവങ്ങാട്ട് ശാഖയില്‍ വന്ന്, തിരിച്ച് അടുത്ത പാസഞ്ചറിന് മടങ്ങുന്നതാണ് പതിവ്. അതിന് സീസണ് ടിക്കറ്റുമെടുത്തു. ഒരു ദിവസത്തെ യാത്ര ചെലവ് അഞ്ചുപൈസയ്ക്കു താഴെ മാത്രം.
ആ വര്‍ഷം ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ചില പരിപാടികളുണ്ടായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന ഹിന്ദി-മലയാളം ചലച്ചിത്രഗാനങ്ങളുടെ രീതിയില്‍ ഏതാനും ഗോരക്ഷാ ഗാനങ്ങള്‍ കരുണാകരന് തയ്യാറാക്കി. യോഗങ്ങളില്‍ ആലപിച്ചുവന്നു. അതിന്റെ ഭാഗമായി അഞ്ചരക്കണ്ടിയിലെ സ്വയംസേവകരും അനുഭാവികളും കാളവണ്ടിയില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച ഉല്‍ബോധനങ്ങളും ഗാനങ്ങളുമായി രണ്ടുദിവസം ഗ്രാമങ്ങളില്‍ സഞ്ചരിച്ചു. കമ്യൂണിസ്റ്റ് -മുസ്ലിംലീഗ് കോട്ടകളായിരുന്നു ആ പ്രദേശങ്ങള്‍. പക്ഷേ കൊലക്കത്തി രാഷ്ട്രീയം കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. എം.ടി. കരുണാകരനും കുറേ സമയം ആ കാളവണ്ടി യാത്രയില്‍ ഗാനമാലപിച്ചു കൂടി.
അദ്ദേഹത്തിന് തമിഴ്നാട് സര്‍ക്കാരില്‍ ഭവാനി ജലസേന പദ്ധതിയില്‍ ജോലി കിട്ടി. റിട്ടയര്‍ ചെയ്യുന്നതുവരെ അവിടെ തമിഴനായിക്കഴിഞ്ഞു. അതിനിടെ മൂന്നരപ്പതിറ്റാണ്ടുമുമ്പ് പത്നി അണക്കെട്ടില്‍ കാല്‍വഴുതി വീണ് അന്തരിച്ചു. ആ ഏകാന്തതയില്‍ മക്കളെ പോറ്റി വലുതാക്കി; ശാന്തിഗിരി ആയുര്‍വേദ കോളേജില്‍ മകള്‍ക്ക് ജോലിയായി. ആശ്രമത്തിന്റെ ആത്മീയാന്തരീക്ഷത്തില്‍ കഴിയുന്നതിനിടെയാണ് ഒരുവിളി വന്നതുപോലെ ഞാനുമായി സംസാരിച്ചത്. ആറുപതിറ്റാണ്ടുകള്‍ മറക്കാതിരിക്കാന്‍ വളരെയേറെക്കാര്യങ്ങള്‍ നമുക്ക് തന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: