ചേര്‍ത്തല: ആധുനിക അറവുശാല ഇക്കുറിയും നഗരസഭയുടെ ബജറ്റില്‍ ഇടം നേടി, 25 ലക്ഷം രൂപയാണ് ഇത്തവണ ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും സ്ലോട്ടര്‍ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ നല്കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇത്തവണയെങ്കിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്ന അനധികൃത ഇറച്ചിവെട്ടിന് തടയിടുവാന്‍ സ്ലോട്ടര്‍ഹൗസ് നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോടതി ഉത്തരവുകള്‍ കാറ്റില്‍പറത്തി നഗരസഭാ അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ലോട്ടര്‍ഹൗസ് ആധുനികരീതിയില്‍ സജ്ജീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. എന്നാല്‍ ഒരു ദശകം പിന്നിടുമ്പോഴും ആധുനിക രീതിയില്‍ പുതുക്കിപ്പണിയുവാനോ പ്രവര്‍ത്തനം പുനരാരംഭിക്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
മാംസം വില്‍ക്കുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളെ വെട്ടുന്നതിന് വിലക്കുണ്ട്. എന്നാല്‍ ചേര്‍ത്തല നഗരസഭയിലെ മാര്‍ക്കറ്റില്‍ ദിവസേന നൂറിലധികം മൃഗങ്ങളെയാണ് കശാപ്പു ചെയ്യുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കന്നുകാലികളെ കെട്ടിയിടുന്നതും കൊന്നതിനു ശേഷം അറവു മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും ഇവിടെ പതിവു കാഴ്ചയാണ്. നഗരസഭയുടെ മൗനാനുവാദത്തോടെയും അല്ലാതെയും നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ഇരുപത്തി അഞ്ചോളം അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നതിന് മുന്‍പ് മൃഗഡോക്ടര്‍ പരിശോധിച്ച് സീല്‍ വയ്ക്കണമെന്നും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ സ്ലോട്ടര്‍ഹൗസുകളില്‍ മാത്രമേ മൃഗങ്ങളെ കൊന്ന് ഇറച്ചി എടുക്കാവൂ എന്നുമാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് നഗരസഭ അധികൃരുടെ പെരുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: