ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയുടെ വികസനക്കുതിപ്പിനു ഗതിവേഗം കൂട്ടാനെന്ന പേരില്‍ വരുന്ന പുതിയ ബസ്സ്റ്റാന്റ് ഭൂമാഫിയ-രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗം. പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിനും ക്ഷേത്രാചാരങ്ങള്‍ക്കും ഭീഷണിയാവും നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്റ്. സ്വന്തം അഴിമതിക്കഥകളും ആരോപണങ്ങളും സ്വയം കുഴിച്ചുമൂടി വികസനത്തിന്റെ വക്താക്കളാവാന്‍ ശ്രമിക്കുന്ന സിപിഎം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണിത്.
ചെര്‍പ്പുളശ്ശേരി നിവാസികളുടെ ദീര്‍ഘകാലാഭിലാഷമായ പുതിയ ബസ് സ്റ്റാന്റ് എന്ന ജനകീയാവശ്യത്തെ ഭൂമാഫിയക്ക് അടിയറവു വെച്ച് കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കി സാധാരണക്കാരുടെയും ക്ഷേത്ര വിസ്വസികളുടെയും ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോവുകയാണ് പഞ്ചായത്ത് ഭരണ സമിതി ചെയ്തിരിക്കുന്നത്.
പുത്തനാല്‍ക്കല്‍ ക്ഷേത്ര പരിസരത്ത് തറക്കല്ലിടുന്ന പുതിയ ബസ് സ്റ്റാന്റ് നഗരസഭ പദവിയിലേക്കുയര്‍ന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിനു പര്യാപ്തമായതോ അനുയോജ്യമായതോ ആയ മാതൃകയിലല്ല നിര്‍മ്മിക്കപ്പെടുന്നത്. പരിമിതികള്‍ കൊണ്ട് വീര്‍പ്പുമുട്ടി രണ്ടു വര്‍ഷത്തിനകം മൂന്നാമതൊരു ബസ് സ്റ്റാന്റിനായുള്ള ആവശ്യം ഉയര്‍ന്നു വന്നാല്‍ ഒട്ടും അദ്ഭുതപ്പെടാനില്ല. ഒരു പക്ഷേ അത് തന്നെയാവണം രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യവും.
ബസ്സുകളുടെ സമയക്രമീകരണത്തെ ബാധിക്കാവുന്ന തരത്തില്‍ 100 മീറ്ററിലധികം ഉള്ളിലേക്ക് മാറിയാണ് യാര്‍ഡ് ഉള്ളത്. ബസ്സുകളുടെ അമിത വേഗത്തിന് ഇത് കാരണമാകും. പോരാത്തതിന് ബസ് സ്റ്റാന്റ് സമുച്ചയത്തിലേക്ക് ബസ്സുകളുടെ ആഗമന ബഹിര്‍ഗമനത്തിന് 10 മീറ്റര്‍ മാത്രം വീതിയിലുള്ള ഒരേയൊരു ഇടുങ്ങിയ വഴിയാണുള്ളത്. ബസ്സുകള്‍ക്ക് പുറമേ കോംപ്ലക്സിലെ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയെല്ലാം ആശ്രയിക്കെണ്ടതും ഇതേ വഴി തന്നെയാണ്. രണ്ടു ബസ്സുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരേ സമയം കടന്നു പോവുന്നതോടെ കാല്‍നടയാത്രക്കാരുടെ പേടിസ്വപ്നമായി ഈ ബസ് സ്റ്റാന്റ് മാറുമെന്നതില്‍ തര്‍ക്കമില്ല.
കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ എല്ലാ താല്പര്യങ്ങളും സംരക്ഷിച്ചു നല്‍കാമെന്ന് അംഗീകരിച്ചു കരാറിലൊപ്പിട്ട സ്ഥിതിക്ക് പഞ്ചായത്തിന് മറ്റൊന്നും തന്നെ ഭാവിയില്‍ ചെയ്യാന്‍ കഴിയില്ലെന്നത്യാഥാര്ത്ഥ്യമാണ്. ബസ്സുകള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നത് തിരക്കേറിയ റൂട്ടിലെ (ചെര്‍പ്പുളശ്ശേരി-പാലക്കാട്) വളവുള്ള ഭാഗത്താണ് പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗം. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, കല്യാണങ്ങള്‍ എന്നിവ നടക്കുന്ന സമയങ്ങളില്‍ മനുഷ്യ ജീവന് വലിയ ഭീഷണിയാണ്.
വെറും 38.9 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചപ്പോള്‍ 60 സെന്റ്കിട്ടിയതായി പഞ്ചായത്ത് നുണ പ്രചാരണം നടത്തുകയാണ്. ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമായാല്‍ സമീപത്ത് ഓട്ടോ, ടാക്സി, ഗുഡ്സ് തുടങ്ങിയ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു നിലവില്‍ യാതൊരു സൗകര്യങ്ങളുമില്ല. സമീപത്തുള്ളത ക്ഷേത്ര ഭൂമിയായതിനാല്‍ അത് കയ്യേറാനുള്ള നീക്കങ്ങള്‍ ഭാവിയില്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.
മിച്ച ഭൂമിയാണെന്ന പ്രശ്നം ഉയര്‍ത്തി സ്ഥലം ഏറ്റെടുത്ത വിഷയത്തില്‍ തമ്മിലടിച്ച സിപിഎം നേതാക്കളും, അഴിമതിക്കെതിരെ കപട നാടകം നടത്തി ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് നേതാക്കളും, ഇടനിലക്കാരായ ഇടപാടുകാരും, ഭൂമാഫിയകളും ഒരു കുടക്കീഴില് അണിനിരന്ന് നടത്തുന്ന ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചു.
ബിജെപി നേതാക്കളുടെ പേര് അനുവാദം കൂടാതെ നോട്ടീസിലടിച്ചു വിതരണം ചെയ്ത് പൊതുജന മധ്യത്തില്‍ അപഹാസ്യരാക്കാന്‍ ശ്രമിച്ച പഞ്ചായത്ത് ഭരണസമിതി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് ബിജെപി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: