ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തില്‍ 26ന് രാത്രി 8.30ന് കൊടിയേറ്റം നടക്കും. തന്ത്രി കെ.പി.ഉണ്ണിഭട്ടതിരിപ്പാട്, ക്ഷേത്രഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന് നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന് നമ്പൂതിരി, കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, ചോരഞ്ചേടത്ത് ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് ജയന് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.
പൂരമഹോത്സവത്തിനു നാന്ദികുറിച്ചുകൊണ്ട് ആറാട്ടുപുഴ ക്ഷേത്രത്തില്‍ രോഹിണിനാളില്‍ ശുദ്ധികലശം ആരംഭിക്കുന്നു. മകീര്യം നാളിലാണ് കൊടിയേറ്റം. ദേശത്തെ ആചാരി എ.ജി.ഗോപിയുടെ നേതൃത്വത്തില്‍ ആര്‍പ്പും കുരവയുമായി നാട്ടുകാര്‍ മുറിച്ചുകൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. ശാസ്താവിന്റെ നിലപാടുതറയ്ക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് നെല്‍പ്പറ നിറച്ചതിനുശേഷമാണ് കവുങ്ങ് ചെത്തിമിനുക്കുന്നത്. ക്ഷേത്രനടപ്പുരയില്‍ വെച്ചാണ് ഒന്നിടവിട്ട് ആലിലകളും മാവിലകളും ചാര്‍ത്തുന്നത്. അലങ്കരിച്ച കൊടിമരം ഭക്തജനങ്ങളാണ് ഉയര്‍ത്തുന്നത്. തുടര്‍ന്ന് ക്ഷേത്രഊരാളന്മാര്‍ ദര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിക്കുന്ന ചടങ്ങാണ്.
ചമയങ്ങളൊന്നുമില്ലാത്ത ഒരു ഗജവീരനെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തിവരെ ആനയിക്കും. പൂരംപുറപ്പാട് ഉദ്ഘോഷിച്ചുകൊണ്ട്, താളമേളങ്ങളുറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, അടിയന്തിരം മാരാര്‍ ശംഖധ്വനി മുഴക്കുന്നു. തുടര്‍ന്ന് ത്രിപുടതാളത്തില്‍ വാദ്യഘോഷങ്ങളുടെ ആര്‍പ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങും.
മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ചാല്‍ വലിയ ബലിക്കല്ലിനു സമീപം മാടമ്പിവിളക്ക്, നിറപറ, വെള്ളരിഎന്നിവയുടെ സാന്നിദ്ധ്യത്തില്‍ രണ്ട് നാളികേരം ഉടച്ച് വെയ്ക്കുന്നു. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ടു തിരിഞ്ഞ് ശാസ്താവിനെ തൊഴുതു ‘ക്ഷേത്രം ഊരാളന്മാര് മുഖമണ്ഡപത്തില്‍ എഴുന്നള്ളിയിട്ടില്ലേ’ എന്നും സമുദായം നമ്പൂതിരിമാര്‍ വാതില്‍മാടത്തില്‍ എത്തിയിട്ടില്ലേ എന്നും മൂന്നും പ്രാവശ്യം വീതം ചോദിക്കുന്നു.
തുടര്‍ന്ന് പടിഞ്ഞാട്ടുതിരിഞ്ഞ് തൊഴുതുവണങ്ങി ആറാട്ടുപുഴ ശാസ്താവിന്റെ പൂരം പുറപ്പാടിന് കുമ്പടന്മാരെല്ലാം ഗോപുരത്തിങ്കല്‍ എത്തിയിട്ടില്ലേ എന്നും മൂന്ന് തവണ ചോദിക്കുന്നു. വീണ്ടും കിഴക്കോട്ടുതിരിഞ്ഞി ആറാട്ടുപുഴ ശാസ്താവിന്റെ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ എന്നും അതിനുശേഷം പടിഞ്ഞാട്ടുതിരിഞ്ഞ് ഇതുതന്ന മൂന്നുവട്ടം കൂടി ചോദിക്കുന്നു.
മൂന്നുപ്രാവശ്യം ശംഖുവിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെയ്ക്കുന്നു. മതില്‍ക്കെട്ടിനുപുറത്ത് ആല്‍ത്തറയ്ക്കു സമീപം തിരുവായുധ സമര്‍പ്പണം എന്ന ചടങ്ങാണ് പിന്നീട്. ആറാട്ടുപുഴ കളരിക്കല്‍ ബാലകൃഷ്ണകുറുപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമര്‍പ്പിക്കുന്നത്. കരിമ്പനദണ്ഡുകൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ചേലമരത്തിന്റെ തൊലി ഉണക്കിനാരാക്കി പിരിച്ചാണ് ഞാണ് ഉണ്ടാക്കിയിട്ടുള്ളത്.
വില്ലും ശരവും പ്രത്യേകമരത്തില്‍ തീര്‍ത്തവാളും പരിചയും ആണ് തിരുവായുധം. പൊന്‍കാവി തേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറംകൊടുക്കുന്നത്. ശാസ്താവ് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായി തിരുവായുധം ഉണ്ടായിരിക്കും. ഈ സമയം ക്ഷേത്രത്തിനെകത്ത് നവകം, ശ്രീഭൂതബലി തുടങ്ങിയ താന്ത്രികചടങ്ങുകള്‍ ആരംഭിക്കുകയായി. കൊടിക്കുത്തുവരെ എല്ലാദവിസവും ശ്രീഭൂതബലി, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: