ആലുവ: ആലുവ ദേശീയ പാതയ്ക്കരികില്‍ ഗാരേജിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി പതിനൊന്ന് മണിക്കുശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പോലീസ് നടപടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
മെട്രോ റെയില്‍ നിര്‍മാണം മൂലം പകല്‍ സമയങ്ങളില്‍ തീരെ വ്യാപാരമില്ലാത്തതിനാല് ഹോട്ടലുകളും ബേക്കറികളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഉപജീവനമാര്ഗത്തിനുവേണ്ടി തുറന്നുവയ്ക്കുമ്പോള്‍, പ്രദേശത്തുണ്ടായ ഒരു ഗുണ്ടാ ആക്രമണത്തിന്റെ മറവില്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന വിചിത്രമായ പോലീസ് നിലപാടിനെ യോഗം അപലപിച്ചു.
ആലുവ മുനിസിപ്പാലിറ്റിയും ആലുവ മേഖലയിലെ ചില പഞ്ചായത്തുകളും കെട്ടിട നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെ യോഗം അപലപിച്ചു. പ്രദേശത്തുള്ള റസിഡന്റ്സ് അസോസിയേഷനുകളും ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളുമായി ചേര്‍ന്ന് സമരപരിപാടികള്‍ക്കു നേതൃത്വം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.
ഇടപ്പള്ളി വ്യാപാരഭവനില്‍ മേഖലാ പ്രസിഡന്റ് കെ.സി.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം.നസീര്‍ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.എം.ഹസ്സന്, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്.എ.ജെ.റിയാസ്, മേഖലാ ജനറല്‍ സെക്രട്ടറി ഷഫീക് അത്രപ്പിള്ളി, കെ.കെ.മായിന്‍കുട്ടി, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ അസീസ്, കെ.എ.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എച്ച്.അബ്ദുള്‍ അസീസ് സ്വാഗതവും ട്രഷറര്‍ ഷാജഹാന് അബ്ദുള്‍ ഖാദര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: