ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസറും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തില്‍ ഡോക്ടര്‍മാരും കഴിഞ്ഞ നിരവധി നാളുകളായി തുടര്‍ന്നുവന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു. ഡോക്ടര്‍മാരുടെ നിസഹകരണസമരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഡോക്ടര്‍മാര്‍ കുഴപ്പക്കാരാണെന്ന് ഡിഎംഒ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ചപ്പോള്‍ ഡിഎംഒയ്ക്ക് പക്വതയില്ലായ്മയും പ്രവൃത്തിപരിചയമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ തിരിച്ചടിച്ചത്. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ ഒത്തുതീര്‍പ്പ് യോഗം വിളിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ഡോക്ടര്‍മാരും കുഴപ്പക്കാരാണെന്ന പ്രചാരണം ശരിയല്ല. അരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അതിനുള്ള ശ്രമമാണ് ഏവരുടെയും ഭാഗത്തുനിന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ നടത്തുന്ന പരിശോധനകള്‍ നല്ലതാണ്. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ആശുപത്രികളില്‍ പരിശോധന നടത്തുമ്പോള്‍ വീഴ്ച കണ്ടെത്തിയാല്‍ സ്ഥാപനമേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നടപടിയെടുക്കുന്ന രീതി നിര്‍ത്തലാക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സംഘടനയുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുമെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫീയാ ബീവി, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എല്‍. മനോജ്, കെജിഎംഒഎ സംസ്ഥാന കമ്മറ്റിയംഗം ഡോ. സാബുസുഗതന്‍, ജില്ലാ പ്രസിഡന്റ് ഡോ. ഹരിപ്രസാദ്, സെക്രട്ടറി ഡോ. സംഗീതാ ജോസഫ്, ട്രഷറര്‍ ഡോ. ജനാര്‍ദന ശര്‍മ്മ, ഡോ. അനില്‍ദത്ത്, മാസ് മീഡിയാ ഓഫീസര്‍ ജി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: