എരുമേലി: സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍പ്പറത്തി മലയോര കാര്‍ഷിക മേഖലയായ എരുമേലിയില്‍ അനധികൃത മണ്ണുഖനനം വ്യാപകമാകുന്നു. ജില്ലാ മജിസ്ട്രേറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുബാഷ് പുറത്തിറക്കിയ മണ്ണുഖനനത്തെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളാണ് മാഫിയ കാറ്റില്‍പ്പറത്തിയത്.
മണ്ണുഖനനവും കടത്തലും സംബന്ധിച്ച് പാരിസ്ഥിതിക മലിനീകരണവും പൊതുജനാരോഗ്യവും ക്രമസമാധാനപ്രശ്നങ്ങളും മുന്‍നിര്‍ത്തി ജനങ്ങള്‍ തന്നെ നല്കിയ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഉത്തരവുപ്രകാരം 975 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന വീടുകള്‍, കടകള്‍, ഫ്ളാറ്റുകള്‍ എന്നിവയാക്കായി മണ്ണെടുക്കുന്നതിന് പ്രത്യേക അനുമതി വേണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മാണപെര്‍മിറ്റ് ആവശ്യമാണ്.
അഞ്ചുഹെക്ടറില്‍ താഴെയുള്ള മണ്ണുഖനനത്തിന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെയും ഇതിനു മുകളില്‍ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റെയും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. മണ്ണുകടത്തുന്നതിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന റോയല്‍റ്റി അടക്കുകയും പാസ് വാങ്ങി സ്ഥലം തീയതി സമയം അടക്കം മണ്ണുകടത്തുന്നതിന് വിശദമായ രേഖ വാഹനത്തില്‍ തന്നെ ഒട്ടിക്കുകയും ചെയ്യണം. അനധികൃതമായി മണ്ണ് കടത്തുന്നതായി ബോദ്ധ്യപ്പെട്ടാല്‍ സ്ഥലം പോലീസ് എസ്ഐ, ആര്‍ഡിഒ, ജിയോളജി വകുപ്പ് എന്നിവര്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാം. രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയപരിധിക്കുള്ളിലായിരിക്കണം മണ്ണു ഖനനം നടത്തേണ്ടതും.
മണ്ണ് നിലം നികത്താനാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. പൊതു അവധി ദിവസങ്ങളില്‍ ഖനനവും കടത്തലും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ബാധകമല്ലെന്നും പറയുന്നു. എന്നാല്‍ കാര്‍ഷിക മലയോര മേഖയിലെ വിവിധ സ്ഥലങ്ങളില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് മണ്ണുഖനനം നടക്കുന്നത്.
അനധികൃത മണ്ണുഖനനം അധികൃതരുടെ ഒത്താശയില്‍ രാത്രിയിലും പകലുമായി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേയുടെ ആവശ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തികളും മണ്ണുകടത്തുന്നതായി പറയപ്പെടുന്നു. വന്‍കിട സ്ഥലങ്ങളില്‍ നിശ്ചിത വിസ്തീര്‍ണത്തില്‍ പല ഘട്ടങ്ങളായി ഖനനം നടത്തുന്നതും ഇവിടെ പതിവുകാഴ്ചയാണ്. ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. എരുമേലിയിലെ അനധികൃത മണ്ണുഖനനവും കടത്തലും തടയാന്‍ അടിയന്തരനടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: