ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തിന്റെ വികസന വിരുദ്ധ നിലപാട് മൂലം വഴിയോരവാണിഭം തഴച്ചുവളരുന്നു. ഇതുമൂലം ചാത്തന്നൂര്ടൗണില് ഗതാഗതക്കുരുക്കേറുന്നു. ചാത്തന്നൂര്‍ സംതൃപ്തി ആഡിറ്റോറിയം മുതല്‍ കൊല്ലം ബസ്സ്സ്റ്റാന്റ് വരെയുള്ള ദേശീയപാതയുടെ തെക്ക് ഭാഗത്താണ് വഴിയോരക്കച്ചവടക്കാര്‍ കൈയേറി വഴിവാണിഭം നടത്തുന്നത്.
പബ്ലിക് മാര്‍ക്കറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്ഥലമുണ്ടെന്നിരിക്കെ അതെല്ലാം അവഗണിച്ചു കൊണ്ടാന്ന് വഴിയോര കച്ചവടം പൊടിപൊടിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വില്പനക്കാരാണ് ആദ്യം ഇവിടെ കച്ചവടത്തിനായി എത്തുന്നത്. ഇവര്‍ പച്ചക്കറി വിലകുറച്ചു കൊടുക്കാന്‍ തുടങ്ങിയതോടെ ആള്ക്കാര് ഇവിടേക്ക് എത്തിത്തുടങ്ങി അതിന്റെ പിന്നാലെ പഴക്കച്ചവടക്കാരും പെട്ടിക്കടകളും എത്തി. മാര്‍ക്കറ്റില്‍ കച്ചവടം കുറഞ്ഞതോടെ പരമ്പരാഗത കച്ചവടക്കാരും ഇവിടേക്ക് മാറി.അതോടെ ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലമില്ലാതായി.
ശ്രീഭൂതനാഥഷേത്രം റോഡില്‍ നിന്നും കുത്തനെയുള്ള കയറ്റം കയറിവരുന്ന വാഹനങ്ങള്‍ക്ക് വഴിയോര കച്ചവടം മൂലം വാഹനങ്ങള്‍ ഒതുക്കി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളടക്കം ഭൂരിപക്ഷം വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നത് ഇവിടെയാണ് ഈ വാഹനങ്ങളെല്ലാം തന്നെ ഇപ്പോള്‍ ദേശിയപാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.
കൂടാതെ കച്ചവടക്കാര്‍ തമ്മിലുള്ള വഴക്കും ഇവിടെ പതിവാണ്. നിരവധി പരാതികള്‍ പഞ്ചായത്തിന് നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരിക്കുന്നത്.
മാര്‍ക്കറ്റിലെ പഴയ കെട്ടിടം പൊളിച്ച് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചെങ്കിലും കച്ചവടക്കാര്‍ക്ക് വേണ്ടി തുറന്ന്കൊടുത്തിട്ടുമില്ല. പത്തിലധികം കടമുറികള്‍ ടെണ്ടര്‍ വിളിക്കാന്‍ ബാക്കിയുണ്ട്. മാര്‍ക്കറ്റില്‍ വാടക കൊടുത്തിരിക്കുന്ന കച്ചവടക്കാരുടെ പരാതികള്‍ അവഗണിച്ചുകൊണ്ട് വഴിയോരക്കച്ചവടക്കാര്‍ക്ക് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
പബ്ലിക് മാര്‍ക്കറ്റില്‍ വെള്ളവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ബാത്ത്റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളൊന്നും ഇല്ല. മീന്‍വെള്ളവും മറ്റും കോമ്പൗണ്ടില്‍ തന്നെ ഒഴുകിക്കിടക്കുന്നത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വഴിയോരക്കച്ചവടത്തിനായെത്തുന്ന കച്ചവടക്കാര്‍ പബ്ലിക് മാര്‍ക്കറ്റിനുള്ളിലേക്ക് എത്താന്‍ മടിക്കുന്നു. പെട്ടിഓട്ടോകളും പിക്കപ്പുകളും പാര്‍ക്ക് ചെയ്യുവാന്‍ മാര്‍ക്കറ്റിനുള്ളില്‍ സൗകര്യമില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണ സമിതി ദീര്‍ഘ വീക്ഷണത്തോടെ മാര്‍ക്കറ്റ് നവീകരണത്തിനുള്ള ഫണ്ട് കണ്ടെത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: